കുറ്റ്യാടി: കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പരിധിയിലെ സാംസ്കാരിക നിലയം അസൗകര്യങ്ങളാൽ വീർപ്പുമുട്ടുന്നു. കുറ്റ്യാടി-വയനാട് റോഡിൽ മുക്കത്ത് വയലിൽ സ്ഥിതിചെയ്യുന്ന സാംസ്കാരിക നിലയത്തിലേക്കുള്ള വഴിയിലാണ് പ്രശ്നങ്ങളുടെ തുടക്കം. ടൗണിൽനിന്ന് നല്ല ഒരുവഴി ഇവിടേക്കില്ല.
മഴക്കാലത്ത് കെട്ടിടങ്ങളിൽനിന്ന് കുത്തിയൊലിച്ചുവീഴുന്ന വെള്ളത്തിൽ നനഞ്ഞുവേണം സാംസ്കാരിക നിലയത്തിലെത്താൻ. ചെറിയ മഴയിൽ വയലുകളിൽ വെള്ളംനിറഞ്ഞ് സാംസ്കാരിക നിലയം വെള്ളത്താൽ ചുറ്റപ്പെടും. വെള്ളം വൈകാതെ വായനശാലയുടെ അകത്തെത്തും.
നേരത്തേ മലയാളത്തിലെ മുഴുവൻ ദിനപത്രങ്ങളും ലഭ്യമായിരുന്ന ഇവിടെ നിലവിൽ മൂന്ന് ദിനപത്രങ്ങൾ മാത്രമാണുള്ളത്. വായനശാലക്കകത്ത് ആവശ്യമായ വെളിച്ചവും വായുസഞ്ചാരവും ഇല്ല. പഴയ രൂപത്തിലുള്ള ബെഞ്ചും ഡെസ്കുമാണ് ഇരിപ്പിടമായി ഒരുക്കിയിരിക്കുന്നത്.
അസൗകര്യം കാരണം വായനക്കാർ സാംസ്കാരിക നിലയം കൈയൊഴിഞ്ഞതോടെ അങ്ങാടിയിലെത്തുന്നവർക്ക് വിശ്രമിക്കാനുള്ള സ്ഥലമായി വായനശാല മാറി. പകൽ സമയങ്ങളിൽ ചിലർ വായനശാലയിലെ ബെഞ്ചിൽ കിടന്നുറങ്ങുന്നതും പതിവാണ്. വായനശാലക്കു പുറമെ ലൈബ്രറിയും കമ്യൂണിറ്റി ഹാളും ഇവിടെ പ്രവർത്തിക്കുന്നു. ലൈബ്രറി പലപ്പോഴും തുറക്കാറില്ലെന്നാണ് വായനക്കാർ പറയുന്നത്.
വായനക്കാർക്ക് ശൗചാലയമോ മറ്റ് സൗകര്യങ്ങളോ ഒരുക്കിയിട്ടില്ല. പരിസരത്തെ കടകളിൽനിന്നുള്ള മാലിന്യം തള്ളുന്ന കേന്ദ്രം കൂടിയായി ഇതു മാറി.
ചുറ്റുമുള്ള കുറ്റിക്കാട്ടിൽനിന്നുള്ള ഇഴജന്തുക്കളുടെ ശല്യവുമുണ്ട്. പ്രദേശം ദുർഗന്ധപൂരിതവുമാണ്. സാംസ്കാരിക നിലയം പരിഷ്കരിക്കണമെന്ന് കുറ്റ്യാടിയിലെ എഴുത്തുകാരുടെ കൂട്ടായ്മ ആവശ്യപ്പെട്ടു. കവി കെ.ടി. സൂപ്പി യോഗം ഉദ്ഘാടനം ചെയ്തു. ബാലൻ തളിയിൽ അധ്യക്ഷത വഹിച്ചു. അക്കാദമി പുരസ്കാര ജേതാവ് ജയചന്ദ്രന് മൊകേരി മുഖ്യപ്രഭാഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.