കുറ്റ്യാടി: ഡിജിറ്റൽ ടോക്കൺ സംവിധാനം തകരാറിലായതോടെ കുറ്റ്യാടി ഗവ. താലൂക്കാശുപത്രിയിൽ ഒ.പി ശീട്ടിന് നീണ്ട കാത്തിരിപ്പ്. ദിനേന ആയിരത്തിലേറെ പേർ എത്തുന്ന ആശുപത്രിയിൽ ടിക്കറ്റ് കൗണ്ടറിലെ സംവിധാനം തകരാറിലായതോടെ രോഗികൾ ദുരിതത്തിലാണ്. ആഴ്ചകളായി കമ്പ്യൂട്ടറും പ്രിന്ററും പ്രവർത്തനം നിലച്ചതാണ് കാരണം. യു.എച്ച്.ഐ.ഡി ഹെൽത്ത് കാർഡ് കാണിച്ച് ആദ്യം ഒ.പി ടിക്കറ്റ് നമ്പർ വാങ്ങുകയും പിന്നീട് കമ്പ്യൂട്ടർ പ്രിന്റുള്ള ശീട്ട് ലഭിക്കുകയും ചെയ്യും. ഡോക്ടറുടെ കൗണ്ടറിലും ഈ ശീട്ടെത്തും.
തുടർന്ന് ഡോക്ടർ ഒ.പി ശീട്ടിലും ഒപ്പം കമ്പ്യൂട്ടറിലും രോഗിക്കുള്ള മരുന്ന് രേഖപ്പെടുത്തും. ഇത് ഫാർമസിയിലേക്കും അയക്കും. രോഗിയിൽനിന്ന് കിട്ടുന്ന ശീട്ട് സ്കാൻ ചെയ്ത് ഫാർമസിസ്റ്റിന് മരുന്ന് എടുത്തുകൊടുക്കാനും കഴിഞ്ഞിരുന്നു. ഈ സംവിധാനമാണ് തകരാറിലായത്. സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ സേവനവും ഇടക്ക് കിട്ടാനില്ലെന്ന് പരാതിയുണ്ട്.
ഒരാഴ്ചക്കകം പുതിയ സംവിധാനം ഒരുക്കി പ്രശ്നം പരിഹരിക്കുമെന്ന് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി ചെയർപേഴ്സൻ കൂടിയായ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രി പറഞ്ഞു. ഇതിനായി ‘കെല്ലിന്’ 1,17,000 രൂപയുടെ ഓർഡർ കൊടുത്തിട്ടുണ്ട്.
ഒരു വർഷത്തോളമായി പ്രസവ വാർഡ് അടച്ചതിനാൽ ഗർഭിണികൾ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കണം. രണ്ട് ഗൈനക്കോളജിസ്റ്റില്ലാത്തതാണ് കാരണം. കഴിഞ്ഞമാസം ആശുപത്രി സന്ദർശിച്ച ആരോഗ്യമന്ത്രി വീണ ജോർജിന് പൊതു ജനങ്ങളിൽനിന്നും സംഘടനകളിൽനിന്നും ലഭിച്ച പ്രധാന പരാതി ഇതു സംബന്ധിച്ചായിരുന്നു. ഇതുവരെ പരിഹാരമായിട്ടില്ല. അതിനിടെ ആശുപത്രിയിൽ 70 ലക്ഷം മുടക്കി ലിഫ്റ്റ് സ്ഥാപിക്കാൻ പദ്ധതിയുണ്ട്.
കുത്തഴിഞ്ഞ ആശുപത്രി സംവിധാനത്തിനെതിരെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ സിറ്റിസൺസ് ഫോറം തീരുമാനിച്ചു. ചെയർമാൻ മൊയ്തു കണ്ണങ്കോടൻ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ടി. നാരായണൻ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.