കുറ്റ്യാടി: മാസം നൂറിലേറെ പ്രസവമെടുത്തിരുന്ന കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിൽ പ്രസവക്കേസുകൾ എടുക്കാതായിട്ട് ഒരുവർഷം. രണ്ട് ഗൈനക്കോളജിസ്റ്റുകളിൽ ഒരാൾ അവധിയിൽ പോയതാണ് കാരണമായി പറയുന്നത്. ആശുപത്രി രേഖകളിൽ രണ്ട് ഗൈനക്കോളജിസ്റ്റുകൾ ഉള്ളതിനാൽ പകരം ആളെ നിയമിക്കാൻ സാധിക്കില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്. കുന്നുമ്മൽ ഹെൽത്ത് ബ്ലോക്കിലെ എട്ട് പഞ്ചായത്തുകളുടെ റഫറൽ ആശുപത്രിയായ താലൂക്ക് ആശുപത്രിയുള്ളപ്പോഴാണ് സാധാരണക്കാർ വൻ തുക നൽകി പ്രസവത്തിന് സ്വകാര്യ ആശുപത്രികളെയോ കോഴിക്കോട് മെഡിക്കൽ കോളജിനെ ആശ്രയിക്കേണ്ടിവരുന്നത്. ലക്ഷങ്ങൾ ചെലവിൽ ആധുനികവത്കരിച്ച പ്രസവ വാർഡും ഓപറേഷൻ തിയറ്ററുമൊക്കെ വെറുതെ കിടക്കുകയാണ്. വിഷയത്തിൽ വകുപ്പുമന്ത്രിക്ക് രേഖാമൂലം നിവേദനം നൽകിയിട്ടുണ്ടെന്നാണ് സ്ഥലം എം.എൽ.എ പറയുന്നത്. ഒരു ഗൈനക്കോളജിസ്റ്റ് മാത്രമായതിനൽ ഗർഭിണികളുടെ ഒ.പി മാത്രം നടക്കുന്നുണ്ട്.
ഈ ഡോക്ടറെ ചിലപ്പോൾ കാഷ്വൽറ്റി ഡ്യൂട്ടിക്ക് നിയമിക്കുന്നതിനാൽ ഒ.പിയും മുടങ്ങാറുണ്ടെന്ന് ജനപ്രതിനിധികൾ പറയുന്നു. കാഷ്വൽറ്റിയിലുണ്ടായിരുന്ന ഒരു ഡോക്ടറെ രോഗികളോട് അപമര്യാദയായി പെരുമാറിയ കേസിൽ ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്തതാണ് കാഷ്വൽറ്റിയിലും ഡോക്ടറുടെ കുറവിന് കാരണം. അതിനിടെ അവധിയിൽപോയ ഗൈനക്കോളജിസ്റ്റിന് പകരം ആളെ നിയമിച്ചതായും അവർ ചുമതലയേൽക്കുന്നില്ലെന്നുമാണ് ആശുപത്രി ഭരണ ചുമതലയുള്ള കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറയുന്നത്. പ്രശ്നം ഡി.എം.ഒയുടെ ശ്രദ്ധയിൽപെടുത്തിയതിന്റെ അടിസ്ഥാനത്തിൽ 23ന് ആശുപത്രിയിൽ ഡി.എം.ഒ യോഗം വിളിച്ചിട്ടുണ്ടെന്നും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.