കുറ്റ്യാടി: തകർന്ന് വാഹനഗതാഗതം ദുരിതമയമായ കുറ്റ്യാടി ടൗൺപളളി-തട്ടാർകണ്ടിത്താഴ റോഡ് ഓംബുഡ്സ്മാൻ ഉത്തരവിട്ടിട്ടും ഇതുവരെ നന്നാക്കിയില്ല. മരുതോങ്കര കള്ളാടിനെ കുറ്റ്യാടി ടൗണുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. ടാറിങ് പൊളിഞ്ഞ് കുണ്ടുംകുഴിയുമായതിനാൽ ഓട്ടോറിക്ഷകൾ ഈ റോഡ് വഴി പോകാൻ സന്നദ്ധമാകുന്നില്ല.
വയനാട് റോഡിൽ നിന്ന് ആരംഭിക്കുന്ന ആദ്യഭാഗം തന്നെ പൊളിഞ്ഞുകാണാം. റോഡിന്റെ ദുരവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഗുണഭോക്താക്കൾ നൽകിയ പരാതിയെ തുടർന്ന് കഴിഞ്ഞ മേയിലാണ് ആറ് മാസത്തിനകം റോഡ് ഗതാഗത യോഗ്യമാക്കിക്കൊടുക്കണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് ഓംബുഡ്സ്മാൻ നിർദേശിച്ച് ഉത്തരവായത്.
തുടർന്ന് റോഡിന് പഞ്ചായത്ത് 10 ലക്ഷം രൂപ വകയിരുത്തിയതായി വാർഡ് അംഗം അറിയിച്ചു. ഫണ്ടനുവദിക്കണമെന്ന് ഗുണഭോക്താക്കൾ നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിൽ 25 ലക്ഷം രൂപ കെ. മുരളീധരൻ എം.പിയുടെ വികസന ഫണ്ടിൽനിന്ന് അനുവദിച്ചതായും അറിയിച്ചിരുന്നു.
ഇതോടെ പഞ്ചായത്ത് ഫണ്ട് ഈ റോഡിന് അനുവദിക്കാനായില്ലെന്നും പറയുന്നു. എന്നാൽ, എം.പി ഫണ്ട് പുതിയ റോഡിന് മാത്രമാണ് അനുവദിക്കാൻ സാധ്യതയുള്ളൂവെന്നാണ് ഇപ്പോൾ അഭിപ്രായപ്പെടുന്നത്. റോഡ് പ്രവൃത്തിയുടെ പ്രോജക്ട് ഡി.പി.സിക്ക് സമർപ്പിച്ച് അനുവാദം കാത്തിരിക്കുകയാണെന്നും അത് ലഭ്യമായില്ലെങ്കിൽ ഗ്രാമപഞ്ചായത്തിന്റെ മെയിന്റനൻസ് ഫണ്ടിൽ റോഡ് നന്നാക്കുമെന്നും പറഞ്ഞു.
അതിനിടെ, ഓംബുഡ്സ്മാൻ ഉത്തരവ് നടപ്പാക്കിക്കിട്ടാൻ അപ്പീൽ നൽകിയതായി പരാതി നൽകിയവർ പറഞ്ഞു. നേരത്തേ ഗുണഭോക്തൃ കമ്മിറ്റി ഏറ്റെടുത്ത് റീടാർ ചെയ്ത റോഡ് കനത്ത മഴയിൽ തകർന്നിരുന്നു. ഇതിനെതിരെ വിജിലൻസിൽ പരാതി നൽകുകയും അന്വേഷണം നടക്കുകയും ചെയ്തു. വിജിലൻസ് കേസുണ്ടായിരുന്നതിനാൽ റോഡിന് ഫണ്ട് വകയിരുത്താനായില്ലെന്നും അടുത്ത കാലത്താണ് കേസ് അവസാനിച്ചതെന്നും വാർഡ് അംഗം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.