കുറ്റ്യാടി: വ്യവസായ വികസനവകുപ്പ് വേളം മണിമലയിൽ ആരംഭിക്കുന്ന കുറ്റ്യാടി നാളികേര ഭക്ഷ്യസംസ്കരണ പാർക്ക് 2024 സാമ്പത്തികവർഷം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി പി. രാജീവ് ഉറപ്പുനൽകി. പാർക്കിന്റെ പ്രവൃത്തി ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേരളം ഇപ്പോൾ സംരംഭകത്വ സൗഹാർദ സംസ്ഥാനമായി മാറിയിട്ടുണ്ട്.
ഒരുവർഷംകൊണ്ട് ലക്ഷം സംരംഭങ്ങൾ തുടങ്ങുകയെന്ന ലക്ഷ്യം എട്ട് മാസം കൊണ്ട് പൂർത്തീകരിക്കാനായി. അതിൽ 35,000 പേർ സ്ത്രീകളാണെന്നും മന്ത്രി പറഞ്ഞു. എന്നാൽ, ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്ത്രീസാക്ഷരതയുള്ള കേരളത്തിലാണ് ഏറ്റവും കൂടുതൽ വനിതകൾ ജോലിചെയ്യാതെ വീട്ടിലിരിക്കുന്നത്. അവരിൽ പലരും എം.ടെക് വീട്ടമ്മമാരും എം.ബി.എ വീട്ടമ്മമാരുമാണ്.
സർക്കാർഖജനാവിൽ ലക്ഷങ്ങൾ മുടക്കി പഠിച്ച് പുറത്തുവരുന്ന ഇവർ ജോലി ചെയ്യാതെ വീട്ടിലിരിക്കുന്നത് ക്രിമിനൽ കുറ്റമാണെന്നും മന്ത്രി പറഞ്ഞു. കെ.പി. കുഞ്ഞമ്മദ്കുട്ടി എം.എൽ.എ അധ്യക്ഷത വഹിച്ചു. 2012ലാണ് പാർക്ക് തുടങ്ങാൻ 115 ഏക്കർ സ്ഥലം വകുപ്പ് ഏറ്റെടുത്തത്. ഇതിൽ 60 ഏക്കർ സ്ഥലമാണ് ഉപയോഗയോഗ്യമായിട്ടുള്ളത്.
ബാക്കി പാറയും മറ്റുമുള്ള സ്ഥലമാണ്. സാങ്കേതികവും നിയമപരവുമായ കാരണങ്ങളാലാണ് പ്രവൃത്തി തുടങ്ങാൻ വൈകിയതെന്നും മന്ത്രി പറഞ്ഞു. മുൻ എം.എൽ.എമാരായ കെ.കെ. ലതിക, പാറക്കൽ അബ്ദുല്ല, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ, വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, കെ.എസ്.ഐ.ഡി.സി മാനേജിങ് ഡയറക്ടർ എസ്. ഹരികിഷോർ, ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് ഭാരവാഹികൾ, അംഗങ്ങൾ, പാർട്ടി പ്രതിനിധികൾ, വ്യവസായവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.