കുറ്റ്യാടി: കേരളത്തെ പിടിച്ചുകുലുക്കിയ കുറ്റ്യാടി പൊലീസ് സ്റ്റേഷൻ നക്സലൈറ്റ് ആക്രമണത്തിന് 54 വയസ്സ്. 1969 ഡിസംബർ 19ന് പുലർച്ചെയാണ് സായുധരായ പതിനാറംഗ സംഘം സ്റ്റേഷനിൽ ബോംബെറിഞ്ഞ് എസ്.ഐയുടെ കൈ തകർത്തത്. പൊലീസിന്റെ പ്രത്യാക്രമണത്തിൽ ഒരു നക്സലൈറ്റ് മരിക്കുകയും ബാക്കിയുള്ളവർ ഓടി രക്ഷപ്പെടുകയുമായിരുന്നു. രണ്ട് ദിവസത്തിനകം ഓരോരുത്തരായി പിടിയിലായി. പാലേരി സി.എച്ച്. കടുങ്ങോനാണ് (74) ജീവിച്ചിരിക്കുന്ന ഏക പ്രതി. ബാക്കി എല്ലാവരും മരിച്ചു.
ബോബേറുണ്ടായ കെട്ടിടം ഒഴിച്ചിട്ട നിലയിൽ ഇന്നും ബാക്കിയുണ്ട്. ചരിത്രപ്രാധാന്യമുള്ള കെട്ടിടമായിട്ടും സംരക്ഷിക്കാനൊന്നും നടപടിയില്ല. അന്നുണ്ടായിരുന്ന മറ്റെല്ലാ കെട്ടിടങ്ങളും പൊളിച്ചുമാറ്റി പുതിയ കെട്ടിടം പണിതു. ആദ്യ കാലത്ത് അറ്റകുറ്റപ്പണി നടത്തിയിരുന്നു. ഈ കെട്ടിടത്തിന്റെ ജനലഴിക്കിടയിലൂടെയാണ് അകത്ത് വിശ്രമിക്കുകയായിരുന്ന എസ്.ഐ പ്രഭാകരനെ ബോംബെറിഞ്ഞത്. പരിക്കേറ്റ അദ്ദേഹത്തിന്റെ കൈ പിന്നീട് മുറിച്ചുമാറ്റിയിരുന്നു. പാറാവുണ്ടായിരുന്ന പൊലീസുകാരനാണ് വെടിവെച്ചത്. തോക്കിൻ കുഴലിലൂടെ വിപ്ലവം സംഘടിപ്പിക്കാൻ ആയുധങ്ങൾ കവരുകയായിരുന്നു ആക്രമണത്തിന്റെ ലക്ഷ്യമെന്ന് കടുങ്ങോൻ പറഞ്ഞു. സഹപ്രവർത്തകൻ പെരുവണ്ണാമൂഴി വേലായുധനാണ് വെടിയേറ്റ് മരിച്ചത്. അയാൾ കേസിലെ ഒന്നാം പ്രതിയും രണ്ടു വർഷം മുമ്പ് മരിച്ച അപ്പു ബാലുശ്ശേരി രണ്ടാം പ്രതിയും കടുങ്ങോൻ മൂന്നാം പ്രതിയുമായിരുന്നു.
ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ച ശേഷം ജയിൽമോചിതനായ കടുങ്ങോനും സംഘവും ദീർഘകാലം പൊലീസ് നിരീക്ഷണത്തിലായിരുന്നു. വർഷംതോറും ഫോട്ടോ എടുക്കുമായിരുന്നു. പത്ര ഏജന്റായും ലോട്ടറി വിതരണക്കാരനായും ജോലിചെയ്ത കടുങ്ങോൻ ഇപ്പോൾ വിശ്രമത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.