കുറ്റ്യാടി: കഴിഞ്ഞ വർഷം മാർച്ചിൽ മരുതോങ്കര മുണ്ടക്കുറ്റിയിൽ കുറ്റ്യാടി ജലസേചന പദ്ധതി വലതുകര മെയിൻ കനാൽ തകർന്ന് നാശനഷ്ടം സംഭവിച്ചവർക്ക് നയാപൈസ നഷ്ടപരിഹാരം കൊടുത്തില്ലെന്ന് പരാതി.
അർധരാത്രിയിൽ കനാൽ തകർന്ന് വെള്ളവും മണ്ണും താഴേക്ക് കുത്തിയൊലിച്ച് കാരങ്കോട് സജീവന്റെ വീടിനും പുളിയത്ത് അമ്മദ്, മുണ്ടേശ്വരത്ത് പ്രവീൺ തുടങ്ങിയവരുടെ കൃഷിയിടത്തിനും ഒരാളുടെ കടക്കും നാശനഷ്ടം നേരിട്ടിരുന്നു. അന്നുതന്നെ കുറ്റ്യാടി, നാദാപുരം എം.എൽ.എമാരുടെ സാന്നിധ്യത്തിൽ താലൂക്ക് തഹസിൽദാർ വിളിച്ച യോഗത്തിൽ പ്രധാനമായി ചർച്ച ചെയ്തത് ഇവർക്ക് നഷ്ടപരിഹാരം നൽകണമെന്നും യുദ്ധകാലാടിസ്ഥാനത്തിൽ കനാൽ പുനഃസ്ഥാപിക്കണമെന്നുമായിരുന്നു. ജലസേചന വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. 25 ലക്ഷം രൂപ അനുവദിച്ച് അറ്റകുറ്റപ്പണി നടത്തി ഒരു മാസത്തിനകം കനാലിൽ ജലവിതരണം പുനഃസ്ഥാപിച്ചു.
തുടർന്ന് 80 ലക്ഷം അനുവദിച്ച് കഴിഞ്ഞ മാർച്ചിൽ കനാൽ പുനരുദ്ധരിക്കുകയും ചെയ്തു. 25 ലക്ഷം രൂപ ചെലവിൽ സ്ഥാപിച്ച താൽക്കാലിക സംവിധാനങ്ങൾ മുഴുവൻ പൊളിച്ചുമാറ്റിയാണ് 80 ലക്ഷത്തിന്റെ പുതിയ പദ്ധതി നടപ്പാക്കിയത്. എന്നാൽ, നഷ്ടപരിഹാരത്തിന് അപേക്ഷിച്ച വീട്ടുടമക്കും കർഷകർക്കും നൽകാൻ ഫണ്ടില്ലെന്ന മറുപടിയും ലഭിച്ചു. ഇതിനകം അവർ മുട്ടാത്ത വാതിലുകളില്ല. എന്നാൽ, റവന്യൂ വകുപ്പോ ജലസേചന വകുപ്പോ ഇവരെ പരിഗണിച്ചില്ല. എം.എൽ.എമാരും പഞ്ചായത്തും സഹായിച്ചില്ലെന്ന് ഇവർ സങ്കടപ്പെടുന്നു.
സജീവന്റെ വീട്ടിലെ കക്കൂസുകൾ, കിണർ, ചുമർ എന്നിവക്ക് നാശം നേരിട്ടിരുന്നു. കക്കൂസുകൾ പുനർനിർമിക്കാനടക്കം രണ്ടു ലക്ഷം രൂപയുടെ ചെലവായി. അമ്മദിന്റെ പറമ്പ് ഉഴുതുമറിച്ചപോലെയായിരുന്നു. പ്രവീണിന്റെ കാർഷിക വിളകൾ ഒഴുകിപ്പോയിരുന്നു. കടയിൽ വെള്ളം കയറിയാണ് നഷ്ടമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.