മി​സ്അ​ബ്

ഒടുവിൽ മിസ്അബ് നാട്ടിൽ തിരിച്ചെത്തി

കുറ്റ്യാടി: റഷ്യൻ മിസൈലും ബോംബുകളും തീമഴ പെയ്ത യുക്രെയ്ൻ തലസ്ഥാനമായ കിയവിൽനിന്ന് മിസ്അബ് നാട്ടിലെത്തി. അവിടെ മെഡിക്കൽ യൂനിവേഴ്സിറ്റിയിൽ അഞ്ചാം വർഷ വിദ്യാർഥിയായ നിട്ടൂർ പൊയിൽമുക്ക് പന്തീരാങ്കണ്ടി അമ്മദിന്റെ മകൻ മിസ്അബാണ് ആഴ്ചകളോളം ബങ്കറിൽ കഴിഞ്ഞശേഷം സ്ലോവാക്യ വഴി രക്ഷപ്പെട്ട് നാട്ടിലെത്തിയത്.

തലസ്ഥാനനഗരിയിലെ ഒരു ഫ്ലാറ്റിലായിരുന്നു താമസം. കഴിഞ്ഞ 24ന് യുദ്ധം തുടങ്ങിയതോടെ താമസം കോളജ് ഹോസ്റ്റലിന്റെ അടിയിലെ ബങ്കറിലേക്കു മാറി. കൊടും തണുപ്പും പൊടിയുമുള്ള ബങ്കറിനകത്ത് ദുരിതപൂർണമായിരുന്നു ജീവിതം. വിവിധ സ്ഥലങ്ങളിൽ താമസിക്കുന്ന മുന്നൂറോളം വിദ്യാർഥികൾ ബങ്കറിലെത്തിയിരുന്നു. സ്ഥലത്തെ ടി.വി ടവർ, മൊബൈൽ ടവർ എന്നിവ റഷ്യൻ സൈന്യം ബോംബിട്ട് തകർത്തതിനാൽ ബാഹ്യലോകവുമായുള്ള ബന്ധം നഷ്ടപ്പെട്ടു.

കർഫ്യൂവും ഏർപ്പെടുത്തിയിരുന്നു. ബോംബ്പതിച്ച് ഒരു ഹിന്ദിക്കാരന് പരിക്കേറ്റെങ്കിലും ഭാഗ്യംകൊണ്ടാണ് രക്ഷപ്പെട്ടത്. മിസൈലുകൾ വർഷിക്കുന്നത് തുടരുമ്പോൾതന്നെ തകർത്ത ടവറുകൾ യുക്രെയ്ൻ പുനഃസ്ഥാപിക്കുകയും ചെയ്തതായി മിസ്അബ് പറഞ്ഞു. യുദ്ധത്തിന്റെ തീവ്രത അൽപമൊന്ന് അയഞ്ഞതോടെ ഇന്ത്യൻ എംബസിയുടെ നിർദേശപ്രകാരം ഇന്ത്യക്കാർ ട്രെയിനിൽ സ്ലോവാക്യയിലേക്ക് രക്ഷപ്പെടാൻ തീരുമാനിച്ചു.

178 ഇന്ത്യക്കാരാണ് ട്രെയിനിലുണ്ടായിരുന്നത്. 700 കിലോമീറ്റർ സഞ്ചരിച്ച് റുമേനിയൻ അതിർത്തി കഴിഞ്ഞതോടെ ആശ്വാസമായി. ഇന്ത്യൻ എയർഫോഴ്സിന്റെ വിമാനത്തിൽ അഞ്ചിനാണ് ഡൽഹിയിലെത്തുന്നത്. നെടുമ്പാശ്ശേരിയിൽനിന്ന് ആറിന് കെ.എസ്.ആർ.ടി.സി ബസിൽ സൗജന്യമായി നാട്ടിലുമെത്തി. ആറാം വർഷം തുടങ്ങാൻ ആറു മാസം ബാക്കിയിരിക്കെയാണ് പഠനം നിർത്തി പോരേണ്ടിവന്നത്. അവിടേക്ക് തിരിച്ചുപോയി പഠനം തുടരാൻ കഴിയുമെന്ന പ്രതീക്ഷയാണ് ഈ ചെറുപ്പക്കാരനുള്ളത്.

Tags:    
News Summary - mishab reached home from ukraine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.