കുറ്റ്യാടി: ഭിന്നശേഷിക്കാർക്കൊപ്പം ആടിയും പാടിയും നടൻ മോഹൻലാൽ. ഓട്ടിസം മാസാചരണത്തിന്റെ ഭാഗമായി എസ്.എസ്.കെ കുന്നുമ്മൽ ബ്ലോക്ക് റിസോഴ്സ് സെന്ററാണ് വിശ്വശാന്തി ഫൗണ്ടേഷനുമായി സഹകരിച്ച് കുട്ടികൾക്ക് മോഹൻലാലുമായി സംവദിക്കാൻ അവസരം ഒരുക്കിയത്.
‘പ്രതിഭയോടൊപ്പം ഞങ്ങളും’ എന്ന ഓൺലൈൻ പരിപാടിയിൽ താരത്തിന് മുന്നിൽ കലാപരിപാടികൾ അവതരിപ്പിച്ചും ചോദ്യങ്ങൾ ചോദിച്ചും തങ്ങൾ പറയുന്നപോലെ അഭിനയിപ്പിച്ചും അവർ അസുലഭാവസരം വിനിയോഗിച്ചു. മീശപിരിച്ച് മാസ് ഡയലോഗ് പറയിപ്പിച്ചും പാട്ടു പാടിപ്പിച്ചും കുട്ടികൾ പരിപാടി ആഘോഷമാക്കി മാറ്റി.
അഭിനയം, സംവിധാനം ഗാനാലാപനം തുടങ്ങിയവയൊക്കെ ചെയ്യുന്ന ലാലേട്ടന് ഇതിലേതാണ് ബുദ്ധിമുട്ടായി തോന്നുന്നത് എന്ന അമീറിന്റെ ചോദ്യത്തിന് എന്ത് ചെയ്യുമ്പോഴും മടിയില്ലാതെ ആത്മാർഥതയോടെ, ഇഷ്ടത്തോടെ ചെയ്താൽ ഒന്നും ബുദ്ധിമുട്ടാവില്ലെന്നായിരുന്നു ലാലിന്റെ മറുമൊഴി.
പുലിമുരുകനിലെ സംഘട്ടനങ്ങളെപ്പറ്റി അയാൻ സംശയമുന്നയിച്ചപ്പോൾ അതൊക്കെ അഭിനയമാണെന്നും വില്ലൻമാരെ നമുക്ക് വേണ്ടെന്നും നന്മയുള്ളവരായി ജീവിക്കാമെന്നും അദ്ദേഹം പ്രതികരിച്ചു. കലാപരിപാടികൾ അവതരിപ്പിച്ച കുട്ടികളെ മോഹൻലാൽ അഭിനന്ദിച്ചു.60 കുട്ടികൾ പങ്കെടുത്തു.
ജില്ല പ്രോജക്ട് കോഓഡിനേറ്റർ ഡോ. എ.കെ. അബ്ദുൽ ഹക്കീം ഉദ്ഘാടനം ചെയ്തു. ജില്ല പോഗ്രാം ഓഫിസർ വി.ടി. ഷീബ അധ്യക്ഷത വഹിച്ചു. കുന്നുമ്മൽ ബി.പി.സി കെ.കെ. സുനിൽകുമാർ സ്വാഗതവും ട്രെയിനർ ടി.ഐ. ഷൈബി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.