കുറ്റ്യാടി: നിപ പ്രതിരോധത്തിന്റെ ഭാഗമായി കോവിഡിന് സമാനമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ വലഞ്ഞ് പൊതുജനം. നിപ റിപ്പോർട്ട് ചെയ്ത കള്ളാടിന്റെ സമീപ പ്രദേശമായ കുറ്റ്യാടി ടൗൺ അടച്ചുപൂട്ടുകയും വാഹന ഗതാഗതം തടയുകയും ചെയ്തു. ബസുകൾക്ക് പ്രവേശനം നിരോധിച്ചു. കുറ്റ്യാടിക്ക് വരുന്ന വാഹനങ്ങൾ അതിർത്തിക്കപ്പുറം നിർത്തണം. ഉച്ചമുതലാണ് നിയന്ത്രണങ്ങൾ ആരംഭിച്ചത്. സ്വകാര്യ വാഹനങ്ങൾ പരിശോധിച്ച ശേഷമാണ് കുറ്റ്യാടി ടൗൺ വഴി കടത്തിവിടുന്നത്. കോഴിക്കോട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ അര കിലോമീറ്റർ അപ്പുറം ചെറിയകുമ്പളം ടൗണിൽ പൊലീസ് തടഞ്ഞിടുകയാണ്.
കോഴിക്കോട് ഭാഗത്തേക്ക് ബസുകൾ പുറപ്പെടുന്നതും അവിടെ നിന്നുതന്നെ. രാവിലെ വിവിധ സ്ഥലങ്ങളിൽ പോയി തിരിച്ചെത്തി രോഗികൾ ഉൾപ്പെടെയുള്ളവർ നടന്ന് വലഞ്ഞു. നാദാപുരം ഭാഗത്തുനിന്നു കുറ്റ്യാടിക്ക് വരുന്ന ബസുകൾ മൊകേരിയിൽ ഓട്ടം നിർത്തണമെന്നാണ് പൊലീസ് പറയുന്നത്.
മുള്ളൻകുന്ന് ഭാഗത്തുള്ളവർക്കും കുറ്റ്യാടിയിൽ വരുന്നതിന് നിയന്ത്രണമുണ്ട്. അന്തർ സംസ്ഥാന തൊഴിലാളികൾ കുറ്റ്യാടിയിലെത്തിയാണ് തൊഴിൽ തേടി പോകുന്നത്. കുറ്റ്യാടിയിൽ കൂട്ടം കൂടി നിൽക്കുന്നതിന് വിലക്കായതിനാൽ ഇവർക്ക് തൊഴിൽ തേടാൻ മാർഗമില്ലാതാവും. നൂറുകണക്കിന് തൊഴിലാളികളാണ് വെളുപ്പിനെത്തി വിവിധ സ്ഥലങ്ങളിലേക്ക് പണി തരപ്പെടുത്തുന്നത്. ബസിന് നിയന്ത്രണമായതോടെ സ്വന്തം വാഹനമില്ലാത്തവർക്ക് കാൽനട തന്നെയാണ് ശരണം. കുറ്റ്യാടി ഗവ. ആശുപത്രിയിലും ചുരുക്കം രോഗികളാണ് ബുധനാഴ്ച എത്തിയത്.
ആയിരത്തോളം പേർ ഒ.പിയിൽ എത്തുന്ന സ്ഥാനത്ത് മൂന്നൂറിൽ താഴെ പേർ മാത്രമാണ് എത്തിയത്. എന്നാൽ, നിപ ബാധിത വാർഡിലുള്ളവർ നിർദേശങ്ങളിൽ പരമാവധി പാലിച്ച് വീടുകളിൽത്തന്നെ കഴിയുകയാണ്. മിക്ക റോഡുകളും വിജനമാണ്. ആളുകൾ അധികവും വീട്ടിനുള്ളിൽ തന്നെയാണ്. ഈ വാർഡ് മുഴുവനായി അടച്ചിട്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.