കുറ്റ്യാടി: നിപ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ മിക്ക സ്ഥലങ്ങളും കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച സാഹചര്യത്തിൽ സ്കൂൾ ഗെയിംസ് മത്സരങ്ങളുടെ നടത്തിപ്പ് പ്രതിസന്ധിയിൽ. മിക്ക സബ് ജില്ലകളിലും ഗെയിംസ് ഇനങ്ങൾ പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ല. നാൽപതോളം ഗെയിംസ് മത്സരങ്ങളാണ് സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും നടത്താനുള്ളത്.
നിപ വൈറസിന്റെ സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെട്ട, മരുതോങ്കര ഉൾപ്പെടെയുള്ള പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ് കുന്നുമ്മൽ ഉപജില്ല. ഇവിടെ ഗെയിംസ് മത്സരങ്ങളിൽ ആദ്യ ഇനമായ വോളിബാൾ, പവർ ലിഫ്റ്റിങ്, വെയ്റ്റ് ലിഫ്റ്റിങ് എന്നീ ഇനങ്ങൾ മാത്രമാണ് നടന്നത്. ഹാന്റ്ബാൾ, ഫുട്ബാൾ തുടങ്ങിയ ഗെയിമുകൾ നടക്കാൻ ബാക്കിയാണ്.
മിക്കവാറും എല്ല ഉപജില്ലകളിലും ഇതാണ് അവസ്ഥ. സംസ്ഥാന മത്സരങ്ങളുടെ കലണ്ടറിന് അനുസൃതമായി, ഈ മാസം 14, 15, 16 തീയതികളിൽ വടകര ശ്രീനാരായണ സ്കൂൾ, ഐ.പി.എം ഇൻഡോർ സ്റ്റേഡിയം എന്നിവിടങ്ങളിൽ നടക്കേണ്ടിയിരുന്ന ജില്ല സ്കൂൾ വോളിബാൾ ചാമ്പ്യൻഷിപ് കലക്ടറുടെ ഓർഡറിനെ തുടർന്ന് നിർത്തിവെക്കുകയായിരുന്നു.
15, 16 തീയതികളിൽ താമരശ്ശേരി വെക്കേഷനൽ ഹയർ സെക്കൻഡറിയിൽ നടക്കേണ്ടിയിരുന്ന ജില്ല സ്കൂൾ ഹാന്റ്ബാൾ മത്സരങ്ങളും മാറ്റിവെച്ചു. മരുതോങ്കര സെന്റ് മേരീസ് ഹൈസ്കൂളിൽ നടത്താനിരുന്ന കുന്നുമ്മൽ ഉപജില്ല ഹാന്റ്ബാൾ മത്സരങ്ങൾ, ഉപജില്ലയിലെ തന്നെ മറ്റൊരു സ്ഥാപനമായ കായക്കൊടി കെ.പി.ഇ.എസ് ഹൈസ്കൂളിലേക്ക് മാറ്റി തീരുമാനിച്ചെങ്കിലും, അവസാന ഘട്ടം മാറ്റിവെച്ചതായും ഗെയിംസ് അസോസിയേഷൻ സെക്രട്ടറി എം. ഷഫീഖ് അറിയിച്ചു.
കായികാധ്യാപകർ കണ്ടെയ്ൻമെന്റ് സോണുകളിൽ അകപ്പെട്ടുപോയതും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ആരോഗ്യ വകുപ്പ്, നിയമപാലകർ എന്നിവരുടെ അനുമതി ലഭിക്കാത്തതും നാട്ടുകാരുടെയും രക്ഷിതാക്കളുടെയും എതിർപ്പും മത്സരനടത്തിപ്പിന് തടസ്സം സൃഷ്ടിക്കുന്ന സ്ഥിതിവിശേഷമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.