കുറ്റ്യാടി: വിഷപ്പാമ്പുകളെ പിടിച്ചാൽ ചാക്കിൽ കയറ്റുന്നത് അപകടകരമായതോടെ പാമ്പുപിടിത്തക്കാൻ ഉപയോഗിക്കുന്നത് ഹുക്കും പൈപ്പും സ്ഥാപിച്ച ഉറ. വാവ സുരേഷിന് പാമ്പുകടിയേറ്റതോടെ ലൈസൻസുള്ള പാമ്പു പിടിത്തക്കാർ സുരക്ഷ നടപടികൾ കർശനമായി പാലിക്കണമെന്ന് വനംവകുപ്പിെൻറ നിർദേശമുണ്ട്. ഹുക്കും ബാഗും ഉപയോഗിക്കണമെന്നാണ് നിർദേശം.
അവ വനം വകുപ്പുതന്നെ വിതരണം ചെയ്യുന്നുണ്ടെന്ന് കുറ്റ്യാടിയിലെ ഫോറസ്റ്റ് വാച്ചറും പാമ്പു പിടിത്തക്കാരനുമായ ടി.കെ.വി. ഫൈസൽ പറഞ്ഞു. വെറും കൈകൊണ്ട് മൂർഖനെ പിടികൂടിയ വാവസുരേഷ് ചാക്കിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെയാണ് കാലിൽ കടിയേറ്റത്. വാഹനാപകടത്തിൽ ഊരക്ക് പരിക്കേറ്റതിനാൽ അദ്ദേഹത്തിന് കുനിഞ്ഞുനിന്ന് പാമ്പിനെ കയറ്റാനായില്ലെന്നും നിവർന്നു നിന്നതിനാലാവാം കടിയേറ്റതെന്നും ഫൈസൽ അഭിപ്രായപ്പെട്ടു.
ഹുക്കും ബാഗും ഉപയോഗിക്കണമെന്ന് നേരത്തേ നിർദേശമുള്ളതാണ്. ഹുക്ക് ഉപയോഗിച്ച് തല അമർത്തിപ്പിടിച്ചശേഷം വാലിൽ പിടിച്ച് പാമ്പിനെ ഉയർത്തുകയാണ്. കടിക്കാൻ അടുക്കുമ്പോൾ ഹുക്കുകൊണ്ട് തട്ടി അകറ്റുകയും ചെയ്യാം. രണ്ട് ഇഞ്ച് വണ്ണവും അരയടി നീളവുമുള്ള പൈപ്പ് തുണി സഞ്ചിയുടെ വായ് വട്ടത്തിൽ പിടിപ്പിച്ച് മാളം പോലെയാക്കി പാമ്പിനെ കയറ്റുന്നു. പാമ്പ് മുഴുവനായും കയറിക്കഴിഞ്ഞാൽ പൈപ്പ് മാറ്റി സഞ്ചി കെട്ടും. മുമ്പ് പ്ലാസ്റ്റിക് ഭരണികളിൽ കയറ്റിയിരുന്നെങ്കിലും ശ്വാസവായു ലഭിക്കാൻ തടസ്സമായതിനാൽ അതു മാറ്റി ചാക്കുകളാക്കി.
അതും സുരക്ഷിതമല്ലാത്തതിനാലാണ് ബാഗുകൾ ഉപയോഗിക്കുന്നത്. അതിലേക്ക് പാമ്പുകൾ വേഗം കയറും. രാജവെമ്പാലകളടക്കം നൂറു കണക്കിന് പാമ്പുകളെ പിടിച്ച ടി.കെ.വി. ഫൈസൽ ചൊവ്വാഴ്ച ഉച്ചക്ക് ഊരത്തെ വീട്ടുപറമ്പത്തിൽനിന്ന് മൂർഖനെ പിടികൂടി കുറ്റ്യാടി ഫോറസ്റ്റ് റേഞ്ച് ഓഫിസിലെത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.