കുറ്റ്യാടി: ആറുവർഷത്തെ ഇടതുഭരണത്തിൽ വാഗ്ദാനലംഘനങ്ങളുടെ ഘോഷയാത്രയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി വേളം ശാന്തിനഗറിൽ കോൺഗ്രസ് ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത്രയും അഴിമതിയിൽ മുങ്ങിക്കുളിച്ച ഒരു സർക്കാർ കേരളത്തിൽ ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയൻ സ്വയംവിലയിരുത്തൽ നടത്തണം. കടമെടുത്തു ഭരിക്കുന്നതിനാൽ കേരളം വികസനത്തിൽ പിറകോട്ടുപോകുന്നു.
കോടതിയെപോലും സ്വാധീനിക്കുന്ന തരത്തിൽ സർക്കാർ തരംതാണു. പിൻവാതിൽ നിയമനം അരങ്ങ് തകർക്കുന്നു. പാർട്ടിക്കാർക്ക് മാത്രമാണ് തൊഴിൽ. ഇത്രയും അഴിമതിയിൽ കുളിച്ച മുഖ്യമന്ത്രിയെ ഇതുവരെ കേരളം കണ്ടിട്ടില്ല. സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾക്കുമുന്നിൽ ചൂളി നിൽക്കുകയാണ് മുഖ്യമന്ത്രിയും സഹമന്ത്രിമാരും.
സാമൂഹിക സാംസ്കാരിക രംഗത്ത് ഇതുപോലെ കേരളം തരംതാണിട്ടില്ല. സി.പി.എം ക്രിമിനലുകൾ സർക്കാറിനെ വരച്ചവരയിൽ നിർത്തുന്നു.കേരളത്തിലും കേന്ദ്രത്തിലും ഭരണമില്ലെങ്കിലും ഇന്ത്യ രാജ്യം കോൺഗ്രസില്ലാതെ നിലനിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കെ.കെ. അബ്ദുല്ല അധ്യക്ഷത വഹിച്ചു.
ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺകുമാർ, യൂത്ത് കോൺഗ്രസ് അഖിലേന്ത്യ ജനറൽ സെക്രട്ടറി വിദ്യ ബാലകൃഷ്ണൻ, സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാങ്കുറ്റി, കെ.പി.സി മെംബർ ഐ. മൂസ, മരക്കാട്ടേരി ദാമോദരൻ, മഠത്തിൽ ശ്രീധരൻ, ഇ.കെ. ഖാസിം, കെ.സി. ബാബു, എൻ.വി. മമ്മുഹാജി എന്നിവർ സംസാരിച്ചു. ഇ.എം. രാജേഷ് സ്വാഗതവും എൻ.വി. സുബൈർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.