കുറ്റ്യാടി: സ്ഥലം വിട്ടുകൊടുക്കാത്ത വിരോധത്തിൽ സംഘപരിവാർ ആക്രമണത്തിനിരയായ ദേശീയ ചലച്ചിത്ര അവാർഡ് ജേതാവും സംവിധായകനുമായ സുവീരനെ ജനപ്രതിനിധികളും പാർട്ടി നേതാക്കളും സന്ദർശിച്ചു. കഴിഞ്ഞ ബുധനാഴ്ച രാത്രി ഭാര്യവീടായ ചെറുകുന്നിലെ കേളോത്ത് വീട്ടിൽ അതിക്രമിച്ചു കയറി 15ഓളം പേരടങ്ങുന്ന സംഘം മർദിച്ചതിനെ തുടർന്ന് സുവീരനും കലാകാരികൂടിയായ ഭാര്യ അമൃതയും കുറ്റ്യാടി പൊലീസിൽ പരാതി നൽകിയിരുന്നു.
വേളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നഈമ കുളമുള്ളതിൽ, വൈസ് പ്രസിഡന്റ് കെ.സി. ബാബു, വാർഡ് അംഗം അനിഷ പ്രദീപ്, ഏഴാം വാർഡ് അംഗം എം.സി. മൊയ്തു, ജില്ല പഞ്ചായത്ത് അംഗം സി.എം. യശോദ എന്നിവർ വീട്ടിലെത്തി സുവീരനെയും ഭാര്യയെയും സന്ദർശിച്ചു. സുവീരനെ സന്ദർശിച്ച് സി.പി.ഐ നേതാക്കൾ പിന്തുണ അറിയിച്ചു. കലാകാരന്മാരെയും സാംസ്കാരിക പ്രവർത്തകരെയും ബുദ്ധിജീവികളെയും ഭയപ്പെടുത്തി കീഴ്പ്പെടുത്താനുള്ള സംഘ്പരിവാർ അജണ്ടയുടെ ഭാഗമാണ് സുവീരനു നേരെ നടന്ന ആക്രമണമെന്ന് നേതാക്കൾ പറഞ്ഞു. ജില്ല എക്സിക്യൂട്ടിവ് അംഗങ്ങളായ പി. സുരേഷ് ബാബു, അഡ്വ. പി. ഗവാസ്, മണ്ഡലം സെക്രട്ടറി കെ.പി. പവിത്രൻ, ലോക്കൽ സെക്രട്ടറി സി. രാജീവൻ, സി. രജീഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
വെൽഫെയർ പാർട്ടി പ്രതിനിധികളായ കെ.കെ. മുഹമ്മദലി, ഒ.വി. വിജയൻ, കെ. ഉസ്മാൻ എന്നിവരും സന്ദർശിച്ചു. എസ്.ഡി.പി.ഐ ജില്ല ജനറൽ സെക്രട്ടറി എൻ.കെ. റഷീദ് ഉമരി, പ്രാദേശിക ഭാരവാഹികളായ കെ.എം. നിസാർ, പി. നൗഷാദ്, ടി.കെ. നദീർ എന്നിവരും വീട്ടിലെത്തി പിന്തുണ അറിയിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് ഭാരവാഹികളായ ഇ.കെ. ഖാസിം, സി.കെ. കരീം, കെ. ഇബ്രാഹിം എന്നിവർ പ്രതിഷേധിച്ചു. സി.പി.എം നേതാക്കൾ വ്യാഴാഴ്ച സന്ദർശിച്ചിരുന്നു.
അതേസമയം, സംഭവം നടന്ന് രണ്ടു ദിവസമായിട്ടും കേസിൽ ആരെയും അറസ്റ്റ് ചെയ്തില്ലെന്ന് സുവീരൻ പറഞ്ഞു. കുറ്റ്യാടി സ്റ്റേഷനിൽ നേരിട്ടുചെന്ന് പരാതി പറഞ്ഞിട്ടും പൊലീസ് മൊഴിയെടുക്കാൻ തയാറായില്ല. ഒരു മണിക്കൂർ കാത്തിരുന്ന ശേഷം പരാതി എഴുതിക്കൊടുത്ത് പോകാനാണ് പറഞ്ഞത്.
വീട്ടിലെത്തി റൂറൽ എസ്.പിയുമായി ബന്ധപ്പെട്ട ശേഷമാണ് എസ്.ഐ വീട്ടിൽ വന്ന് മൊഴിയെടുത്തത്. രാത്രി സി.ഐയും വീട്ടിലെത്തി സംഭവങ്ങൾ ചോദിച്ചറിഞ്ഞതായും സുവീരൻ പറഞ്ഞു. സംഗീത-നാടക അക്കാദമിക്ക് വേണ്ടി നടത്തുന്ന ഒരു പരിപാടി വീട്ടിൽ നടത്താനാണ് വന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.