കുറ്റ്യാടി: തീക്കുനി തൂവ്വമല ഭാഗത്ത് വിവിധയിടങ്ങളിൽ അജ്ഞാത ജീവിയെ കണ്ടതിനെ തുടർന്ന് നാട്ടുകാർ ആശങ്കയിൽ. കഴിഞ്ഞ ഞായറാഴ്ച രാത്രിയും ചൊവ്വാഴ്ച രാത്രിയുമാണ് മൂന്നിടത്ത് അജ്ഞാത ജീവിയെ കണ്ടത്. പുലിയാണെന്ന അഭ്യൂഹങ്ങളുണ്ടെങ്കിലും ഫോറസ്റ്റ് വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല.
ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ജീവിയെ ആദ്യം കണ്ടത്. പത്താം ക്ലാസ് പരീക്ഷക്ക് പഠിക്കുകയായിരുന്ന കുട്ടിയാണ് നായയുടെ പിന്നാലെ വലിയൊരു ജീവി ഓടുന്നത് കണ്ടത്. നാട്ടുകാർ നടത്തിയ തിരച്ചിലിൽ വിവിധയിടങ്ങളിൽ കാൽപാടുകൾ കണ്ടു. കുറ്റ്യാടി പൊലീസും ഫോറസ്റ്റ് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. പുലിയുടേതിനേക്കാൾ ചെറുതാണ് കാൽപ്പാടുകളെന്നും കുറുനരി പോലുള്ള ഏതെങ്കിലും ജീവിയാകാനാണ് സാധ്യതയെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇതിന് പിന്നാലെയാണ് ചൊവ്വാഴ്ച രാത്രിയും പ്രദേശത്ത് ഇതേ ജീവിയെ കണ്ടത്. പൂച്ചയെ പിടിക്കാൻ ഓടുന്ന നിലയിൽ ഒരു വീട്ടമ്മയാണ് കണ്ടത്. നാട്ടുകാർ സ്ഥലത്ത് തിരച്ചിൽ നടത്തി. അർധരാത്രിയോടെ മറ്റൊരാൾ കൂടി ജീവിയെ കണ്ടതായി പറഞ്ഞു.
വനമേഖലയുമായി ബന്ധമില്ലാത്ത പ്രദേശത്ത് അജ്ഞാത ജീവിയെ കണ്ടതിൽ നാട്ടുകാർക്ക് ആശങ്കയുണ്ട്. പശുക്കൾ ഉൾപ്പെടെ വളർത്തുമൃഗങ്ങളുള്ളവരും ഭീതിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.