കുറ്റ്യാടി: രണ്ട് ഗൈനക്കോളജിസ്റ്റുകളിൽ ഒരാൾ ലീവിൽ പോയതിനെ തുടർന്ന് അടച്ച കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിലെ പ്രസവ വാർഡിന്റെ പ്രവർത്തനം രണ്ടുപേർ തികഞ്ഞിട്ടും പുനരാരംഭിച്ചില്ല. മാസം നൂറോളം പ്രസവം നടത്തിയിരുന്ന ആശുപത്രിയിൽ പ്രസവമെടുക്കുന്നത് നിർത്തിയിട്ട് കൊല്ലത്തോളമായി. എം.എൽ.എ, വകുപ്പുമന്ത്രി എന്നിവരോട് പരാതി പറഞ്ഞപ്പോൾ ഒരാൾകൂടി വന്നാൽ പുനരാരംഭിക്കുമെന്നായിരുന്നു മറുപടി.
എന്നാൽ, രണ്ടാമത്തെയാൾ തിരിച്ചെത്തി രണ്ടു മാസമായിട്ടും സ്ത്രീകൾക്കുള്ള മൈനർ ഓപറേഷനും മറ്റുമാണ് നടത്തുന്നത്. കിഴക്കൻ മലയോര മേഖലയിലെ സാധാരണക്കാരായ സ്ത്രീകൾ പ്രസവത്തിന് കോഴിക്കോട് മെഡിക്കൽ കോളജിനെയോ വൻ തുക നൽകി സ്വകാര്യ ആശുപത്രികളെയോ ആശ്രയിക്കേണ്ട സ്ഥിതി തുടരുകയാണ്. മൂന്ന് ഗൈനക്കോളജിസ്റ്റ് ഉണ്ടെങ്കിലേ ഗർഭിണികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രസവം എടുക്കൂ എന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.
അടുത്തിടെ ഈ വിഷയത്തിൽ കോടതിവിധിയും ഉണ്ടത്രേ. രണ്ടു മാസം മുമ്പ് ആരോഗ്യ മന്ത്രി ആശുപത്രി സന്ദർശിച്ചപ്പോൾ ലഭിച്ച നിവേദനങ്ങളിൽ കൂടുതലും പ്രസവ വാർഡ് അടച്ചതിനെക്കുറിച്ചായിരുന്നു. രണ്ടാമത്തെയാൾ വന്നാൽ പ്രസവമെടുക്കൽ തുടരും എന്നായിരുന്നു മന്ത്രിയുടെ മറുപടി.
എന്നാൽ, ഫെബ്രുവരിയോടെ മൂന്നാമത്തെയാൾ വരുമെന്നും എന്നിട്ട് വാർഡ് പ്രവർത്തനം പുനരാരംഭിക്കുമെന്നും ആശുപത്രിയുടെ ഭരണച്ചുമതലയുള്ള കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രി പറഞ്ഞു. അതേസമയം, നേരത്തേ ഒരു ഗൈനക്കോളജിസ്റ്റ് മാത്രമുള്ളപ്പോൾ മാസം നൂറോളം പ്രസവം നടന്നിരുന്നതായി നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.