കുന്ദമംഗലം: മുസ്ലിം വിഷയങ്ങളിലുള്ള മാധ്യമ ഇടപെടലുകൾ നൈതികമായിരിക്കണമെന്ന് മർകസ് മാധ്യമ സെമിനാർ. മുസ്ലിംകളുടെ വിശ്വാസം, ജീവിതരീതി എന്നിവക്ക് കേരളത്തിൽ 1400 വർഷത്തെ പഴക്കമുണ്ട്. മറ്റു സമൂഹങ്ങളുമായി ആഴത്തിൽ ഇഴകലർന്നു ജീവിച്ചുവന്ന സമുദായമാണ് മുസ്ലിം സമുദായം.
എന്നാൽ, അവരെക്കുറിച്ച് തെറ്റായ ധാരണകൾ ഉണ്ടാക്കുന്ന തരത്തിലുള്ള വാർത്തകൾ പ്രസിദ്ധീകരിക്കുന്നത് പൊതുസമൂഹത്തിലെ മുസ്ലിംകളുടെ ജീവിതത്തെ കൂടുതൽ സംഘർഷഭരിതമാക്കും. മർകസ് വാർഷിക സമ്മേളനത്തിന്റെ ഭാഗമായി ‘മുസ്ലിം-മാധ്യമ ഇടപാടുകൾ: ചരിത്രം, വർത്തമാനം, ഭാവി’ എന്ന ശീർഷകത്തിലാണ് സെമിനാർ നടന്നത്.
ബാബരി മസ്ജിദ് തകർത്തത് ഇന്ത്യയിലെ മുസ്ലിംകളുടെ മാത്രം പ്രശ്നമായിരുന്നില്ല. ഭരണഘടനയിൽ വിശ്വസിക്കുന്ന ഓരോ മനുഷ്യന്റെയും പ്രശ്നമായിരുന്നു. എന്നാൽ അതിനെ മുസ്ലിം പ്രശ്നമായി അവതരിപ്പിച്ച് വർഗീയവാദികൾ മുതലെടുത്തു. മുസ്ലിംകൾ അനുഭവിക്കുന്ന അരക്ഷിതാവസ്ഥ ഇന്ത്യയിലെ ഓരോ പൗരന്റെയും പ്രശ്നമാകണം.
മത വിഷയങ്ങളിൽ ഇതര സമുദായങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്ന തരത്തിലുള്ള അവതരണങ്ങൾ നടത്തുന്ന രാഷ്ട്രീയ ഇസ് ലാമിസ്റ്റുകളെ കരുതിയിരിക്കണമെന്നും കെ.ജെ. ജേക്കബ് പറഞ്ഞു.
പാരമ്പര്യ മുസ്ലിംകളുടെ ശബ്ദം മുസ്ലിം വിഷയങ്ങളിൽ കൂടുതൽ ഉച്ചത്തിൽ കേൾക്കണമെന്ന് രാജീവ് ശങ്കരൻ പറഞ്ഞു. മാധ്യമ വിമർശനം പൊതുസമൂഹം തുടരണമെന്നും മാധ്യമ സംവിധാനങ്ങളിൽ നവീനമായ മാറ്റം വരുന്ന ഈ കാലത്ത് ഉടമസ്ഥതയിൽ മുസ്ലിംകളുടെ കൂടുതൽ ഇടങ്ങൾ ഉണ്ടാവുകയും വേണമെന്ന് എം.പി. പ്രശാന്ത് പറഞ്ഞു. മാധ്യമ പ്രവർത്തകരായ ടി.ജെ. ജേക്കബ്, എം.പി. പ്രശാന്ത്, രാജീവ് ശങ്കരൻ, മുസ്തഫ പി. എറക്കൽ, ദീപക് ധർമടം എന്നിവർ സംബന്ധിച്ചു. ഡോ. കെ.എ. നുഐമാൻ ആമുഖം അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.