കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ പന്തീരാങ്കാവ് സ്വദേശിനി കെ.കെ. ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ നടത്തിയ രണ്ടു ഡോക്ടർമാരെയും നഴ്സുമാരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി അറസ്റ്റ് നടപടികളുമായി മുന്നോട്ടുപോകാമെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചു.
ഗവ. പ്ലീഡറിൽനിന്നാണ് മെഡിക്കൽ കോളജ് എ.സി.പി കെ. സുദർശന് നിയമോപദേശം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് നടപടികൾ ഉടൻ ഉണ്ടാവുമെന്നാണ് വിവരം. വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളജിൽനിന്നാണെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. മെഡിക്കൽ കോളജിൽ ശസ്ത്രക്രിയക്കു വിധേയയാവുന്നതിനു മുമ്പ് ഹർഷിനക്ക് നടത്തിയ എം.ആർ.ഐ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ കണ്ടെത്തൽ.
എന്നാൽ, ജില്ല മെഡിക്കൽ ബോർഡ് ചേർന്നപ്പോൾ പൊലീസ് വാദം ഡോക്ടർമാർ തള്ളുകയായിരുന്നു. എം.ആർ.ഐ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇങ്ങനെ നിഗമനത്തിലെത്താനാവില്ലെന്നായിരുന്നു ഡോക്ടർമാരുടെ വാദം. എന്നാൽ, മെഡിക്കൽ ബോർഡിന്റെ ഈ റിപ്പോർട്ടിനെ ആരോഗ്യമന്ത്രി നിയമസഭയിൽ തള്ളിപ്പറഞ്ഞിരുന്നു. അതിനിടെ കേസിൽ മെഡിക്കൽ കോളജിനെതിരായ റിപ്പോർട്ടിൽ ഉറച്ചുനിൽക്കുന്ന റിപ്പോർട്ട് അന്വേഷണോദ്യോഗസ്ഥനായ എ.സി.പി കെ. സുദർശൻ സിറ്റി പൊലീസ് കമീഷണർക്ക് കൈമാറി.
തുടർന്ന് അന്വേഷണ നടപടികളുമായി മുന്നോട്ടുപോവാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. ഹർഷിനയുടെ വയറ്റിൽ കുടുങ്ങിയ കത്രിക കോഴിക്കോട് മെഡിക്കൽ കോളജിൽനിന്നുതന്നെയാണെന്നും കുറ്റക്കാർ, അന്ന് ശസ്ത്രക്രിയ നടത്തിയ രണ്ടു ഡോക്ടർമാരും രണ്ടു നഴ്സുമാരുമാണെന്നുമാണ് എ.സി.പിയുടെ റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.