കോഴിക്കോട്: രാമനാട്ടുകര നടപ്പാതയിൽ നിൽക്കുകയായിരുന്നയാളെ ആക്രമിച്ച് മൊബൈൽ ഫോണുകൾ കവർന്ന കേസിലെ പ്രതി പിടിയിൽ. കൊണ്ടോട്ടി പനയംപറമ്പ് ദാനിഷ് മിൻഹാജ് (18) നെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 15ന് രാത്രി രാമനാട്ടുകര സുരഭിമാളിന് സമീപത്തെ പള്ളിയിൽ നിന്നും നമസ്കാരം കഴിഞ്ഞ് പുറത്തിറങ്ങി നടപ്പാതയിൽ നിൽക്കുന്നയാളെ ദാനിഷ് മിൻഹാജ് ക്രൂരമായി മർദിക്കുകയും കൈയിലുണ്ടായിരുന്ന രണ്ടു മൊബൈൽ ഫോണുകൾ കവർച്ച നടത്തി കടന്നുകളയുകയുമായിരുന്നു.
ജില്ല ഡെപ്യൂട്ടി കമീഷണർ കെ.ഇ. ബൈജു ഐ.പി.എസിന്റെ കീഴിലുള്ള സിറ്റി സ്പെഷൽ ആക്ഷൻ ഗ്രൂപ്പും ഫറോക്ക് പൊലീസ് ഇൻസ്പെക്ടർ പി.എസ്. ഹരീഷിന്റെ നേതൃത്വത്തിലുള്ള ഫറോക്ക് പൊലീസും ചേർന്നാണ് അറസ്റ്റ് ചെയ്തത്. ലോഡ്ജുകളിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് മിൻഹാജിനെ കസ്റ്റഡിയിലെടുത്തത്.
വീട്ടിൽ പോകാതെ വില കുറഞ്ഞ ലോഡ്ജുകളിൽ റൂമെടുത്ത് താമസിക്കുകയും കോഴിക്കോട് ബീച്ച്, പാളയം, രാമനാട്ടുകര തുടങ്ങി വിവിധ ഭാഗങ്ങളിൽ രാത്രികാലങ്ങളിൽ കറങ്ങിനടന്ന് കവർച്ച നടത്തുകയും സംഘത്തിൽപ്പെട്ടയാളുമാണ് മിൻഹാജ്. ലഹരിമരുന്നിന്റെ അമിതമായ ഉപയോഗവും ഇയാൾക്കുണ്ട്. കവർച്ച ചെയ്ത മൊബൈൽ ഫോണുകൾ കണ്ടെടുത്തു.
സബ് ഇൻസ്പെക്ടർമാരായ സൈഫുല്ല, എസ്. അനൂപ്, സ്പെഷൽ ആക്ഷൻ ഗ്രൂപ് സബ് ഇൻസ്പെക്ടർ ഒ. മോഹൻദാസ്, ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമണ്ണ, സുമേഷ് ആറോളി, എ.കെ. അർജുൻ, രാകേഷ് ചൈതന്യം, സീനിയർ സി.പി.ഒ കെ. സുധീഷ്, കെ.ടി. ശ്യാം രാജ്, കെ. സുകേഷ് എന്നിവരായിരുന്നു അന്വേഷണം നടത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.