കോഴിക്കോട്: ഉന്നത വിദ്യാഭ്യാസത്തിന്റെ മറവിൽ ലീവെടുത്ത സർക്കാർശമ്പളം പറ്റുന്ന അധ്യാപകർ ഏറെയും എത്തുന്നത് സ്വകാര്യ ട്യൂഷൻ സെന്ററുകളിൽ. ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകരാണ് സ്വകാര്യ ട്യൂഷൻ സെന്ററുകളിൽ എത്തുന്നതിൽ ഏറെയും. ഔദ്യോഗിക ശമ്പളത്തേക്കാൾ മൂന്നിരട്ടിയിലധികം ശമ്പളം ലഭിക്കുന്നതാണ് ഇവരെ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ആകർഷിക്കുന്നത്. വിവിധ ജില്ലകളിൽനിന്നുള്ളവരാണിവർ.
ജില്ലയിലെ 12 േബ്ലാക്കുകളിൽ ബാലുശ്ശേരി, പേരാമ്പ്ര, കുന്ദമംഗലം, വടകര, കോഴിക്കോട് േബ്ലാക്കുകളിലാണ് കൂടുതൽ സ്വകാര്യ ട്യൂഷൻ സെന്ററുകളുള്ളത്. ലോക്കൽ ട്യൂഷൻ സെന്ററുകളിൽ ഏറെയും അധ്യാപകർതന്നെ നടത്തുന്നതാണ്. ഓരോ േബ്ലാക്കുകളിലും അമ്പതോളം ബാച്ചുകളുണ്ട്.
ഇവിടെ പഠിപ്പിക്കാൻ 1500നും 2000ത്തിനും ഇടയിൽ അധ്യാപകരുമുണ്ട്. ഇതിനു പുറമെ 1000ത്തിലധികം അധ്യാപകരുള്ള വൻകിട എൻട്രൻസ് കോച്ചിങ് സെന്ററുകളുമുണ്ട്. സ്വകാര്യ ട്യൂഷൻ സെന്ററുകളിലും എൻട്രൻസ് കോച്ചിങ് സെന്ററുകളിലും പരിശീലനത്തിനെത്തുന്നവരിൽ ഉന്നത പഠനത്തിന്റെ മറവിൽ ലീവെടുത്തവരും ഏറെയാണ്.
മികച്ച അധ്യാപകർ ഉണ്ടായിരിക്കെ ഇവരുടെ സേവനം വിദ്യാഭ്യാസ വകുപ്പിനോ സ്കൂളുകളിലെ സാധാരണ കുട്ടികൾക്കോ ലഭിക്കാതെ വരുന്നത് വിദ്യാഭ്യാസത്തിന്റെ നിലവാരത്തകർച്ചക്ക് ഇടയാക്കുകയാണ്. പഴക്കവും തഴക്കവുമുള്ള അധ്യാപകർക്ക് വൻ പ്രതിഫലം നൽകി സ്വകാര്യ സ്ഥാപനങ്ങൾ നേട്ടം കൊയ്യുകയാണ്.
ലീവെടുത്ത് പിഎച്ച്.ഡി ചെയ്യുന്നവരും ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് ലീവെടുത്തവരും ജില്ലയിലെ സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളിൽ രാവന്തിയോളം ജോലി ചെയ്യുകയാണ്. വിജിലൻസിന് ഇതു സംബന്ധിച്ച് വിവരമുണ്ടെങ്കിലും സർക്കാർ തീരുമാനം നടപടികൾ വൈകിപ്പിക്കുകയാണ്. പരിചയസമ്പന്നരായ ഇവർ സ്വകാര്യ സ്ഥാപനങ്ങളിൽനിന്ന് പിൻവലിയുന്നതോടെ പ്രതിസന്ധി നേരിടുമെന്ന ആശങ്കയും സ്ഥാപന ഉടമകൾക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.