മുക്കം: ഇതര സംസ്ഥാനത്തുനിന്ന് എത്തുന്ന തൊഴിലാളികളെ അനധികൃതമായി താമസിപ്പിക്കുകയും ക്വാറൻറീൻ കാലം പൂർത്തിയാക്കാതെ ജോലിയിൽ നിയോഗിക്കുകയും ചെയ്യുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കെട്ടിട ഉടമകൾക്കും കരാറുകാർക്കും എതിരെ ശക്തമായ നടപടിയുമായി മുക്കം നഗരസഭ.
ഇതര സംസ്ഥാനത്തുനിന്ന് എത്തിയ തൊഴിലാളികൾക്കിടയിൽ കോവിഡ് പോസിറ്റിവ് കേസുകൾ ധാരാളമായി റിപ്പോർട്ട് ചെയ്യപ്പെടുകയും അവരുമായി സമ്പർക്കത്തിൽ ഏർപ്പെടേണ്ടിവരുന്ന മറ്റുള്ളവരിലേക്കും രോഗം പടരുകയും ചെയ്യുന്നത് വ്യാപകമായതോടെയാണ് പരിശോധന കർശനമാക്കാൻ നഗരസഭ തീരുമാനിച്ചത്.
ബംഗാൾ സ്വദേശിയായ തൊഴിലാളി ആഗസ്റ്റ് 17ന് വിമാനമാർഗം കോഴിക്കോ െട്ടത്തി മുക്കം ടൗണിലെ പഴയ ബേബി ലോഡ് കെട്ടിടത്തിൽ താമസിച്ചുവരുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ അവിടെ ഒരു തയ്യൽ സ്ഥാപനം പ്രവർത്തിച്ചുവരുന്നതായും മറ്റ് അഞ്ചു പേർ അവിടെ ജോലിക്ക് നിൽക്കുന്നതായും കണ്ടെത്തി.
ആരോഗ്യ വകുപ്പിനെയും നഗരസഭയെയും അറിയിക്കാതെയും നിയമാനുസൃത ക്വാറൻറീൻ സംവിധാനം ഒരുക്കാതെയും പ്രവർത്തിച്ചതിനാൽ സ്ഥാപന ഉടമയായ റിഷാദ് കാരശ്ശേരിക്ക് പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം നോട്ടീസ് നൽകുകയും തൊഴിലാളിയെ നിയമാനുസൃത ക്വാറൻറീൻ കേന്ദ്രത്തിൽ പ്രവേശിപ്പിക്കാൻ നിർദേശം നൽകുകയും ചെയ്തു.
നഗരസഭ സെക്രട്ടറി എൻ.കെ. ഹരീഷ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. പ്രശോഭ് കുമാർ, മുക്കം സാമൂഹികാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ പി. ഉണ്ണികൃഷ്ണൻ എന്നിവർ അടങ്ങിയ ടീമാണ് പരിശോധന നടത്തിയത്.
വരുംദിവസങ്ങളിലും കർശന പരിശോധനയും നടപടിയുമുണ്ടാകുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.