മുക്കം: കഴിഞ്ഞ ദിവസം സമാപിച്ച മുക്കം ഉപജില്ല സ്കൂൾ കലോത്സവത്തിലെ വിധി നിർണയവുമായി ബന്ധപ്പെട്ട് എ.ഇ. ഒക്കും വിധികർത്താക്കൾക്കുമെതിരെ ഗുരുതര ആരോപണവുമായി നീലേശ്വരം ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ, എസ്.എം.സി ഭാരവാഹികൾ. ഹയർ സെക്കൻഡറി വിഭാഗത്തിൽ തങ്ങൾക്ക് അർഹതപ്പെട്ട ചാമ്പ്യൻഷിപ് പട്ടം പങ്കിടാൻ തീരുമാനിച്ചത് വിധി നിർണയത്തിലെ തിരിമറി മൂലമാണന്നും ഇതുസംബന്ധിച്ച് എ.ഇ.ഒക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായിെല്ലന്നും പി.ടി.എ പ്രസിഡന്റ് പി.സി. അബ്ദുൽ സലീം, എസ്.എം.സി ചെയർമാൻ എം.കെ. യാസർ, എം.പി.ടി.എ പ്രസിഡന്റ് വിജിലി ഉണ്ണികൃഷ്ണൻ, എ.എം. മുസ്തഫ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
നിലവാരമില്ലാത്ത പ്രകടനത്തിന് ഗ്രേഡ് നൽകിയത് അംഗീകരിക്കാനാവില്ല. സ്റ്റേജിതര മത്സരങ്ങളിൽ പലതിനും അർഹിക്കുന്ന ഗ്രേഡ് നീലേശ്വരം സ്കൂളിന് നൽകിയിട്ടില്ല. സർക്കാർ വിദ്യാലയത്തിന് അർഹമായ നീതി നിഷേധിക്കുകയും ചെയ്തതായും ഭാരവാഹികൾ പറഞ്ഞു.
സമാപന വേദിയിൽ ഹയർ സെക്കൻഡറി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പിന്റെ പ്രഖ്യാപനമോ ട്രോഫി വിതരണമോ ഉണ്ടാവില്ലന്ന് ഉറപ്പ് ലഭിച്ചതിനാൽ അധ്യാപകർ ആരും സ്റ്റേജിന് സമീപം ഉണ്ടായിരുന്നില്ലന്നും അപ്രതീക്ഷിതമായി ഫലം പ്രഖ്യാപിച്ചപ്പോൾ കുട്ടികൾ വേദിയിലെത്തുകയും അധ്യാപകർ ഇല്ലാത്ത സാഹചര്യം ഉണ്ടാവുകയും ചെയ്തു. ഇതാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നും ഭാരവാഹികൾ അറിയിച്ചു.
അതേമസമയം വിധി നിർണയം അട്ടിമറിച്ചു എന്നാരോപിച്ച് നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ പട്ടിണി സമരം നടത്തി. ഉച്ചഭക്ഷണം ഉപേക്ഷിച്ചായിരുന്നു പ്രതിഷേധം. കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിലാണ് കലോത്സവം നടന്നത്. ഹയർ സെക്കഡറി വിഭാഗത്തിൽ നീലേശ്വരം സ്കൂളിനൊപ്പം ആതിഥേയരായ സ്കൂളിനും ഒന്നാം സ്ഥാനം ലഭിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.