മുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ പാർട്ട് ടൈം ലൈബ്രേറിയൻ നിയമനത്തിന് കോഴ ആവശ്യപ്പെട്ട സംഭവത്തിൽ മലയോര മേഖലയിൽ കോൺഗ്രസിൽ ഗ്രൂപ് പോര് ശക്തമായി. കോൺഗ്രസിലെ ഇരുവിഭാഗങ്ങൾ തമ്മിലുള്ള പോരിന്റെ ഭാഗമായാണ് സംഭാഷണം പുറത്തായത്.
ഇതേതുടർന്ന് കോഴ ആവശ്യപ്പെട്ട കരീം പഴങ്കൽ, ഫോൺ സംഭാഷണം റെക്കോഡ് ചെയ്ത് പുറത്തുവിട്ട സണ്ണി കിഴക്കരക്കാട്ട് എന്നിവരെ ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. സണ്ണി സംഭാഷണം റെക്കോഡ് ചെയ്ത് പാർട്ടിയിലെ ഒരുനേതാവിന് കൈമാറുകയായിരുന്നു. ഫോൺ സംഭാഷണം ലഭിച്ച കോൺഗ്രസ് നേതാവാണ് പഞ്ചായത്തിലെ മറ്റൊരു മെംബറുമായി ഗൂഢാലോചന നടത്തി സന്ദേശം ഇയാൾ വഴി എഡിറ്റ് ചെയ്ത് സി.പി.എം നേതാക്കൾക്ക് കൈമാറിയതെന്ന് സംസാരമുണ്ട്. സംഭവത്തിൽ സത്യസന്ധമായ അന്വേഷണം നടത്തണമെന്നാണ് യൂത്ത് കോൺഗ്രസ് ഉൾപ്പെടെ ആവശ്യപ്പെടുന്നത്.
സംഭാഷണം പുറത്തുവിട്ടതായി ആരോപണം നേരിടുന്ന കോൺഗ്രസ് പഞ്ചായത്ത് മെംബർ നേരത്തെ നിരവധി തവണ കരീം പഴങ്കലുമായി ഭരണസമിതി യോഗത്തിൽവെച്ചും പഞ്ചായത്ത് ഓഫിസിൽ വെച്ചും കൈയാങ്കളിയും അസഭ്യവർഷവും നടത്തിയയാളാണ്. ഇദ്ദേഹത്തിന്റെ സുഹൃത്തിന്റെ കടയിൽനിന്നാണ് സന്ദേശം എഡിറ്റ് ചെയ്തതെന്നും സംസാരമുണ്ട്.
പാർട്ടിയിൽ ചർച്ച ചെയ്ത് പരിഹാരം കാണേണ്ട വിഷയം പൊതുജനമധ്യത്തിൽ എത്തുന്നതിന് കാരണക്കാരായ കോൺഗ്രസ് നേതാവിനെതിരെയും പഞ്ചായത്തംഗത്തിനെതിരെയും നടപടി വേണമെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡി.സി.സി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കൊടിയത്തൂർ കോട്ടമ്മലിൽ പ്രവർത്തിക്കുന്ന പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ പാർട്ട് ടൈം ലൈബ്രേറിയൻ നിയമനത്തിന് കോഴ ആവശ്യപ്പെടുന്ന കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് അംഗം കരീം പഴങ്കലിന്റെ ഫോൺ സന്ദേശം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
മാസം 12,000 രൂപ ഓണറേറിയം ലഭിക്കുന്ന ജോലിക്കായി 50,000 രൂപയാണ് കോഴയായി ആവശ്യപ്പെട്ടത്. സാധാരണ നിലയിൽ ഇത്തരം നിയമനങ്ങൾക്ക് വലിയ തുക വാങ്ങാറുണ്ടെന്നും പഞ്ചായത്തിന് പല ആവശ്യങ്ങളുണ്ടെന്നും സംഭാഷണത്തിൽ പറയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.