മുക്കം: മുക്കം നഗരസഭയിലെ കാതിയോട് പ്രവർത്തിക്കുന്ന അനധികൃത ഗ്യാസ് റീഫില്ലിങ് കേന്ദ്രത്തിൽ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരുടെ റെയ്ഡ്. ഗാർഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടറിൽനിന്നും വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന സിലണ്ടറിലേക്ക് അനധികൃതമായി ഗ്യാസ് നിറക്കുന്ന കേന്ദ്രത്തിലാണ് റെയ്ഡ് നടത്തിയത്.
പരിശോധനയിൽ നിരവധി ഗാർഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറുകളും വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സിലിണ്ടറുകളും പിടികൂടി. ജനവാസമേഖലയിൽ അപകടകരമായ രീതിയിലാണ് ഗ്യാസ് റീഫില്ലിങ് നടന്നിരുന്നത്. മൂന്ന് യന്ത്രങ്ങൾ ഉപയോഗിച്ചായിരുന്നു ഗ്യാസ് നിറച്ചിരുന്നത്. ഉദ്യോഗസ്ഥർ പരിശോധനക്കെത്തിയപ്പോൾ തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു. ഉടമയെ കുറിച്ച് അന്വേഷണം നടത്തിവരുന്നതായി സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. സ്ഥലം ഉടമയെ കണ്ടത്താൻ വില്ലേജ് ഓഫിസറോട് നിർദേശിച്ചതായും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും സംഘം അറിയിച്ചു.
പരിശോധനക്ക് കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫിസർ ജോജി സക്കറിയ, താമരശ്ശേരി താലൂക്ക് സപ്ലൈ ഓഫിസർ സന്തോഷ് ചോലയിൽ, റേഷനിങ് ഇൻസ്പെക്ടർമാരായ സി.കെ. ഷെദീഷ്, പി. വിഗീഷ്, സി. വിനോദ്, വി. ജിനിഷ, കെ. പവിത, ടി.ടി. കബീർ, കെ. നൗഫൽ ഉദ്യോഗസ്ഥരായ മൊയ്ദീൻ കോയ, കെ. ഗിരീഷ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.