മുക്കം: മുക്കം നഗരത്തിലെയും പരിസരത്തെയും ശുദ്ധജല പ്രശ്നത്തിന് പരിഹാരം തേടി നിരാഹാര സമരത്തിനൊരുങ്ങി വ്യാപാരികൾ. വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂനിറ്റിന്റെ ആഭിമുഖ്യത്തിലാണ് വ്യാഴാഴ്ച നിരാഹാര സമരം നടത്തുന്നത്. ജല അതോറിറ്റിയുടെ അനാസ്ഥക്കും അവഗണനക്കുമെതിരെയാണ് സമരമെന്ന് കെ.വി.വി.ഇ.എസ് മുക്കം യൂനിറ്റ് ഭാരവാഹികൾ പറഞ്ഞു. വ്യാഴാഴ്ച രാവിലെ പത്തുമണി മുതൽ വൈകീട്ട് അഞ്ചുവരെ മുക്കം ബസ് സ്റ്റാൻഡ് പരിസരത്ത് നടക്കുന്ന നിരാഹാര സമരം കെ.വി.വി.ഇ.എസ് സംസ്ഥാന വർക്കിങ് പ്രസിഡന്റ് കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്യും. സമാപന ചടങ്ങ് ജില്ല പ്രസിഡന്റ് അഷ്റഫ് മൂത്തേടം ഉദ്ഘാടനം ചെയ്യും.
കുടിവെള്ള പദ്ധതിയുടെ പൈപ്പിലുണ്ടായ ചോർച്ച അടക്കുന്നതുമായി ബന്ധപ്പെട്ട് ജല അതോറിറ്റി തുടരുന്ന അനാസ്ഥയിൽ മുക്കം നഗരത്തിൽ കുടിവെള്ള വിതരണം മുടങ്ങിയിട്ട് എട്ടുമാസമായി. പൈപ്പിലുണ്ടായ ചോർച്ച അടക്കണമെങ്കിൽ ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നവീകരിച്ച റോഡിന്റെ മധ്യഭാഗം കുത്തിപ്പൊളിക്കണം.
ഇതിന്, പൊതുമരാമത്ത് വകുപ്പിന്റെ അനുമതി വേണമെങ്കിൽ മൂന്നുലക്ഷം രൂപ പി.ഡബ്ല്യു.ഡിയിൽ കെട്ടിവെക്കണം. കുടിവെള്ള വിതരണം മുടങ്ങിയതോടെ സ്വകാര്യ ഏജൻസികൾക്ക് വൻ തുക നൽകി കുടിവെള്ളം വാങ്ങേണ്ട ഗതികേടിലാണ് വ്യാപാരികളും നഗരവാസികളും.
കുടിവെള്ളം ലഭിക്കുന്നില്ലെങ്കിലും കൃത്യമായി ബില്ല് വരുന്നുണ്ടെന്നും ഇത് അടച്ചില്ലെങ്കിൽ നിയമ നടപടി നേരിടേണ്ടിവരുമെന്നും വ്യാപാരികൾ പറയുന്നു. നഗരത്തിലെ സർക്കാർ ഓഫിസുകൾ, ഹോട്ടലുകൾ, വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് സ്ഥാപനങ്ങളിലെ ജീവനക്കാരും ഉടമകളും ദുരിതത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.