മുക്കം: നഗരസഭയിൽ വിവരശേഖരണത്തിന് കൂടുതൽ കൃത്യതയും വേഗതയും ശാസ്ത്രീയതയും നൽകുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ‘ദൃഷ്ടി’ സമ്പൂർണ ഡിജിറ്റലൈസേഷൻ പദ്ധതിയുടെ ഭാഗമായ ജി.ഐ.എസ് മാപ്പിങ് പദ്ധതിക്ക് തുടക്കമായി. ജി.ഐ.എസ് എനേബ്ൾഡ് ഡോർ ടു ഡോർ സർവേയാണ് പദ്ധതിയുടെ പ്രധാന സവിശേഷത.
മുനിസിപ്പാലിറ്റി നടപ്പാക്കിവരുന്ന വിവിധ ക്ഷേമ, വികസന പദ്ധതികൾക്കാവശ്യമായ സമഗ്ര വിവരശേഖരണമാണ് ഇതിലൂടെ ലക്ഷ്യംവെക്കുന്നത്. പദ്ധതിയുടെ ഭാഗമായുള്ള ഡ്രോൺ സർവേ, ഡി.ജി.പി.എസ് സർവേ, പൊതു ആസ്തി സർവേ എന്നിവയാണ് നടന്നുവരുന്നത്. പദ്ധതി നടപ്പാക്കുന്നത് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ്.
മാപ്പിങ് പദ്ധതിയുടെ ഡ്രോൺ സർവേ നഗരസഭ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനം ചെയ്തു. വിവിധ ക്ഷേമ വികസന പദ്ധതികൾ ആസൂത്രണം ചെയ്യാനും ജില്ല, സംസ്ഥാന, കേന്ദ്ര പദ്ധതികൾക്കാവശ്യമായ പദ്ധതിരേഖകൾ സമർപ്പിക്കാനും മുനിസിപ്പാലിറ്റി പരിധിയിലെ മുഴുവൻ വിഭാഗം ജനങ്ങളുടെയും വിവരങ്ങൾ അത്യാവശ്യമാണെന്നും സമഗ്രവും സത്യസന്ധവും സമ്പൂർണവുമായ വിവരങ്ങൾ നൽകി മുഴുവൻ പേരും പദ്ധതിയുടെ ഭാഗമാകണമെന്നും അദ്ദേഹം പറഞ്ഞു.
കൗൺസിലർ എം.വി. രജനി അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ ഇ. സത്യനാരായണൻ, കൗൺസിലർ വസന്തകുമാരി, പ്രിൻസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.