മുക്കം/തിരുവമ്പാടി: ജീരകസോഡയിൽ ചത്ത എലിയെ കണ്ടെത്തിയ സംഭവത്തിൽ നടപടിയുമായി ഭക്ഷ്യസുരക്ഷ വിഭാഗവും ആരോഗ്യ വകുപ്പും. പരാതിയുടെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ്, ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ ജീരകസോഡ നിർമാണ യൂനിറ്റിൽ പരിശോധന നടത്തി. തിരുവമ്പാടി അങ്ങാടിക്കു സമീപം പ്രവർത്തിക്കുന്ന സ്ഥാപനം താൽക്കാലികമായി അടപ്പിച്ചതായി തിരുവമ്പാടി സർക്കിൾ ഫുഡ് സേഫ്റ്റി ഓഫിസർ ഡോ. എ.പി. അനു പറഞ്ഞു. നിർമാണ യൂനിറ്റിന് നോട്ടീസ് നൽകിയതായും അവർ പറഞ്ഞു.
തിരുവമ്പാടിയിലെ മുഹമ്മദ്കുട്ടിയുടെ ഉടമസ്ഥതയിലുള്ള തയ്യിൽ സോഡ നിർമാണ യൂനിറ്റിനെതിരെയാണ് നടപടി. പരിശോധനയിൽ ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ട്. പൊളിഞ്ഞ സീലിങ് മാറ്റണമെന്നും നിലത്ത് ടൈൽ പാകണമെന്നും നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, സംഭവം നടന്നത് കാരശ്ശേരി ഗ്രാമപഞ്ചായത്ത് പരിധിയിലാണെങ്കിലും മുക്കം നഗരസഭയിലും നടപടിക്ക് നിർദേശം നൽകിയിട്ടുണ്ട്. ചത്ത എലിയെ കണ്ടെത്തിയ കമ്പനിയുടെ ജീരകസോഡകളുള്ള നഗരസഭ പരിധിയിലെ കടകളിൽ പരിശോധന നടത്താൻ ആരോഗ്യവകുപ്പിന് നിർദേശം നൽകിയതായി നഗരസഭ ചെയർമാൻ പി.ടി. ബാബു അറിയിച്ചു.
ജീരകസോഡ കുടിച്ച മുക്കം മുത്തേരി സ്വദേശി വിനായകിനാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് യുവാവിന്റെ ബന്ധുക്കൾ ആരോഗ്യവകുപ്പിനെ വിവരമറിയിക്കുകയും മുക്കം പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. പൊലീസ് പരാതി ഭക്ഷ്യസുരക്ഷ വിഭാഗത്തിനു കൈമാറുകയായിരുന്നു. അതിനിടെ, ചികിത്സച്ചെലവ് വഹിക്കാമെന്ന ഉറപ്പിൽ വിനായക് നൽകിയ പരാതി പിൻവലിച്ചു. മുക്കം കടവ് പാലത്തിനു സമീപമുള്ള തട്ടുകടയിൽനിന്ന് വാങ്ങിയ ജീരകസോഡയിലാണ് കഴിഞ്ഞ ദിവസം ചത്ത എലിയെ കണ്ടെത്തിയത്.
പരിശോധനക്ക് ഗവ. കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ എം. സുനീർ, ഫുഡ് ഇൻസ്പെക്ടർ ഡോ. അനു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.ബി. ശ്രീജിത്ത്, പി.പി. മുഹമ്മദ് ഷമീർ, കെ. ഷാജു എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.