മുക്കം: യു.ഡി.എഫ് ഭരിക്കുന്ന കാരശ്ശേരി പഞ്ചായത്തിൽ സെക്രട്ടറിമാർക്ക് ഇരിപ്പിടമുറക്കുന്നില്ല. മൂന്നുവർഷംകൊണ്ട് ഏഴ് സെക്രട്ടറിമാർ സ്ഥലം മാറിപ്പോയപ്പോൾ എട്ടാമത്തെ സെക്രട്ടറി വി.ആർ.എസ് പ്രകാരം പോകുകയായിരുന്നു. വിഷയം ഭരണസമിതി യോഗം നിർത്തി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷത്തുനിന്ന് ശിവദാസൻ കാരോട്ടിൽ നൽകിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ ഭരണസമിതി യോഗം ബഹളത്തിൽ കലാശിച്ചു.
പ്രസിഡന്റിന്റെ നടപടിയിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് മെംബർമാർ ഇറങ്ങിപ്പോകുകയും ചെയ്തു. ഈ ഭരണസമിതി വന്നതിനുശേഷം മൂന്നു വർഷത്തിനുള്ളിൽ എട്ടാമത്തെ സെക്രട്ടറിയാണ് പ്രസിഡന്റ് ഉൾപ്പെടെയുള്ള ഭരണസമിതി മെംബർമാരുടെ പീഡനത്തിൽ മനംനൊന്ത് സ്ഥലം മാറിപ്പോകുന്നതെന്നും അവസാനം വന്ന സെക്രട്ടറി സ്ഥലംമാറ്റം ലഭിക്കാത്തതിനെതുടർന്ന് രണ്ടുവർഷം കൂടി ജോലി അവശേഷിക്കെ സർവിസിൽനിന്ന് സ്വയം വിരമിച്ചു പോകുന്ന അവസ്ഥ ഉണ്ടായതായും ഇടത് മെംബർമാർ പറഞ്ഞു.
പദ്ധതി നിർവഹണ ചുമതലയുള്ള പ്ലാൻ ക്ലർക്ക് കടുത്ത സമ്മർദത്തെതുടർന്ന് നാലുമാസത്തെ ലീവെടുത്ത് പോയിരിക്കുകയാണെന്നും പരസ്പരം ഐക്യമില്ലാത്ത സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങൾ ഭരണസമിതി യോഗത്തിൽവന്ന് കലഹിക്കുന്നത് പതിവാണെന്നും ഇവർ ആരോപിച്ചു.
ശിവദാസൻ കാരോട്ടിൽ, എം.ആർ. സുകുമാരൻ, ഇ.പി. അജിത്ത്, കെ.കെ. നൗഷാദ്, ജിജിത സുരേഷ്, ശ്രുതി കമ്പളത്ത്, സിജി സിബി എന്നിവരാണ് ഇറങ്ങിപ്പോയത്.
മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ഉദ്യോഗസ്ഥർ നിരന്തരം സ്ഥലംമാറിപ്പോകുന്നത് പഞ്ചായത്ത് ഭരണസമിതിയുടെ സമ്മർദം മൂലമാണെന്ന എൽ.ഡി.എഫ് അംഗങ്ങളുടെ ആരോപണം തള്ളി പഞ്ചായത്ത് പ്രസിഡന്റ് വി.പി. സ്മിത. ഭരണസമിതിയുടെ തീരുമാനം മറികടന്ന് നവകേരള സദസ്സിലേക്ക് ഫണ്ട് നൽകാനുള്ള എം.എൽ.എയുടെയും പഞ്ചായത്തിലെ എൽ.ഡി.എഫ് അംഗങ്ങളുടെയും സമ്മർദം മൂലമാണ് പഞ്ചായത്ത് സെക്രട്ടറി വിരമിക്കൽ അപേക്ഷ നൽകിയതെന്ന് വി.പി. സ്മിത വാർത്തസമ്മേളനത്തിൽ പറഞ്ഞു. നവ കേരള സദസ്സിന്റെ സ്വാഗതസംഘ രൂപവത്കരണ യോഗത്തിൽ എം.എൽ.എ സെക്രട്ടറിക്ക് ഇതുസംബന്ധിച്ച് കർശന നിർദേശം നൽകിയിരുന്നു. എൽ.ഡി.എഫ് അംഗങ്ങളുടെ സമ്മർദം മൂലം നവംബർ 25ന് സെക്രട്ടറി പണം നൽകാൻ ഉത്തരവിറക്കിയെങ്കിലും 27ന് ചേർന്ന ഭരണസമിതി യോഗം ഈ ആവശ്യം തള്ളുകയും ഉത്തരവ് റദ്ദാക്കുകയുമായിരുന്നു. പിന്നീട് ഇതുസംബന്ധിച്ച കോടതി ഉത്തരവ് വന്നപ്പോഴാണ് സെക്രട്ടറി കൂടുതൽ സമ്മർദത്തിലായത്. ഒരു ഭാഗത്ത് എം.എൽ.എയും ഇടത് അംഗങ്ങൾ ഉൾപ്പെടെയുള്ളവരുടെ സമ്മർദവും മറുഭാഗത്ത് കോടതി ഉത്തരവും ഉണ്ടായ സാഹചര്യത്തിലാണ് സെക്രട്ടറി വി.ആർ.എസ് എടുത്ത് പോയത്.
പഞ്ചായത്തിൽ വികസനം തടസ്സപ്പെടുത്താൻ 2020 ഡിസംബറിൽ യു.ഡി.എഫ് അധികാരത്തിലേറിയതു മുതൽ ഇടതുപക്ഷം ഇടപെട്ട് ഉദ്യോഗസ്ഥരെ മാറ്റി കളിക്കുകയാണെന്നും പ്രസിഡന്റ് പറഞ്ഞു. വാർത്തസമ്മേളനത്തിൽ വൈസ് പ്രസിഡന്റ് ജംഷീദ് ഉളകര, സ്ഥിരംസമിതി അധ്യക്ഷൻ സത്യൻ മുണ്ടയിൽ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.