മുക്കം: പൊതുതെരഞ്ഞെടുപ്പിനെ വെല്ലുന്ന വാശിയോടെ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന കുടുംബശ്രീ തെരഞ്ഞെടുപ്പിൽ മലയോര മേഖലയിൽ ആധിപത്യം നേടി ഇടതു മുന്നണി. ഒരു പൊതു തെരഞ്ഞെടിപ്പിന്റെ വീറും വാശിയുമായി നടന്ന തെരഞ്ഞെടുപ്പിലാണ് തിരുവമ്പാടി മണ്ഡലത്തിൽ ഇടതുമുന്നണി പ്രതിനിധികൾ മിന്നും ജയം കരസ്ഥമാക്കിയത്.
മുക്കം നഗരസഭ മണ്ഡലം , തിരുവമ്പാടി, കാരശ്ശേരി, കോടഞ്ചേരി, കൂടരഞ്ഞി, കൊടിയത്തൂർ ഗ്രാമപഞ്ചായത്തുകളിലും എൽ.ഡി. എഫ് മികച്ച വിജയം കരസ്ഥമാക്കി. മുക്കം നഗരസഭയിൽ രജിത ചെയർപേഴ്സനും സൈറ ബാനു വൈസ് ചെയർപേഴ്സനുമാണ്. തിരുവമ്പാടിയിൽ പ്രീതി രാജീവ്, ഷിജി ഷാജി എന്നിവരും കാരശ്ശേരിയിൽ എം. ദിവ്യ, സുബിന എന്നിവരും യഥാക്രമം ചെയർപേഴ്സനും വൈസ് ചെയർപേഴ്സനുമായി തിരഞ്ഞെടുക്കപ്പെട്ടു.
കോടഞ്ചേരിയിൽ ശ്രീജ മോൾ ചെയർപേഴ്സനും സോളി വൈസ് ചെയർപേഴ്സനുമായപ്പോൾ കൊടിയത്തൂരിൽ ആബിദ സി.ഡി.എസ് ചെയർപേഴ്സനും ഷീന വൈസ് ചെയർപേഴ്സനുമായി തിരഞ്ഞെടുക്കപ്പെട്ടു.
യു.ഡി.എഫിന് ശക്തമായ സ്വാധീനമുള്ള തദ്ദേശ സ്ഥാപനങ്ങളിൽവരെ മികച്ച നേട്ടം ഇടതുമുന്നണി കരസ്ഥമാക്കി.
കാരശ്ശേരി ഗ്രാമപഞ്ചായത്തിൽ 18 വാർഡുകളിലും വിജയിച്ചാണ് എൽ.ഡി.എഫ് കരുത്തുകാട്ടിയത്. കൊടിയത്തൂരിലും യു.ഡി.എഫ് കോട്ടകൾ മറിച്ചിടാൻ എൽ.ഡി.എഫിനായി. 2, 3,11,12 വാർഡുകളിൽ മാത്രമാണ് യു.ഡി.എഫിന് മികച്ച നേട്ടം കരസ്ഥമാക്കാൻ സാധിച്ചത്. മലയോര മേഖലയിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽതന്നെ മികച്ച പ്രവർത്തനം നടത്താൻ സാധിച്ചതാണ് ഇടത് വിജയത്തിന് ആക്കം കൂട്ടിയത്. വിജയിച്ച സി.ഡി.എസ് ഭാരവാഹികൾ വിവിധ കേന്ദ്രങ്ങളിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.