മുക്കം: കിലോമീറ്ററിന് നാലുകോടിയിലധികം രൂപ മുടക്കി പ്രവൃത്തി നടക്കുന്ന കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാത നവീകരണത്തിൽ യാത്രക്കാരുടെ കണ്ണിൽ പൊടിയിടാൻ അധികൃതരുടെ പൊടിക്കൈ പ്രയോഗം. കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ കറുത്ത പറമ്പിലാണ് തട്ടിക്കൂട്ട് പ്രവൃത്തി നടത്തിയത്.
കരാർ കമ്പനിയുടെ സൈറ്റ് ഓഫിസിന് സമീപം മുതൽ കറുത്തപറമ്പ് അങ്ങാടി കഴിയുന്നതുവരെ റോഡിൽ യാത്രക്കാർക്ക് പെട്ടെന്ന് കാണാൻ കഴിയാത്ത വിധം റോഡ് താഴ്ന്നുപോയിട്ടുണ്ട്. ഇരുചക്ര വാഹനങ്ങളും ഓട്ടോയും മറ്റും ഇവിടെയെത്തിയാൽ ടയർ പഞ്ചറായ അനുഭവമാണെന്ന് ഡ്രൈവർമാർ പറയുന്നു. മാസങ്ങളായെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. അതിനിടെയാണ് കഴിഞ്ഞ ദിവസം റോഡിൽ തീർത്തും അശാസ്ത്രീയമായി പ്രവൃത്തി നടത്തിയത്.
താഴ്ന്ന ഭാഗം പൂർണമായും പൊളിച്ചുമാറ്റാതെ ഇതിന് മുകളിൾ ടാറൊഴിച്ച് പ്രവൃത്തി നടത്തുകയായിരുന്നു. ഇതോടെ ഈ ഭാഗത്തിപ്പോൾ അപകട ഭീഷണി നിലനിൽക്കുന്നു. സാധാരണ നിലയിൽ പഞ്ചായത്ത് റോഡുകളൊക്കെ ചെയ്യുന്നത് പോലെയുള്ള പ്രവൃത്തിയാണ് 200 കോടിയിലേറെ രൂപ മുടക്കി പ്രവൃത്തി നടക്കുന്ന റോഡിൽ ചെയ്തത്.
വിഷയത്തിൽ പൊതുമരാമത്ത് ഉദ്യോഗസ്ഥരും സ്ഥലം എം.എൽ.എ ഉൾപ്പെടെയുള്ളവരും ഇടപെടണമെന്ന് കാരശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് എം.ടി. അഷ്റഫ് പറഞ്ഞു. അതേ സമയം സംസ്ഥാന പാത നവീകരണം ഏറക്കുറെ പൂർത്തിയായങ്കിലും അപാകതകൾക്ക് ഒരു കുറവുമില്ല. അശാസ്ത്രീയമായ നിർമാണമാണ് റോഡിന്റെ അവസ്ഥക്ക് പ്രധാന കാരണം. ഓമശ്ശേരിക്കും എരഞ്ഞിമാവിനുമിടയിലുള്ള ഭാഗത്താണ് ഏറ്റവും കൂടുതൽ പരാതി ഉയർന്നത്.
മുക്കം ടൗണിൽ സിഗ്നലിന് സമീപം, കറുത്തപറമ്പ്, ഓമശ്ശേരി ടൗൺ, കാപ്പുമല വളവ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം യാത്രക്കാർക്ക് വലിയ ദുരിതമാണ്. കരാർ കമ്പനിയുടെ സൈറ്റ് ഓഫിസിന് മുന്നിൽ നേരത്തെ 500 മീറ്ററോളം ഭാഗം താഴ്ന്നു പോയിരുന്നു. ഇത് പിന്നീട് പരിഹരിച്ചെങ്കിലും ചില സ്ഥലങ്ങളിൽ റോഡ് താഴ്ന്ന് തുടങ്ങിയിട്ടുണ്ട്.
ഓടത്തെരുവിലും അവസ്ഥ വ്യത്യസ്തമല്ല. മുക്കം ടൗണിൽ സിഗ്നലിന് സമീപം മീഡിയനോട് ചേർന്ന് വരമ്പ് രൂപപ്പെട്ട അവസ്ഥയിലായിരുന്നു. ഇവിടെയും അശാസ്ത്രീയ രീതിയിലാണ് അറ്റകുറ്റപ്പണി നടത്തിയത്. കാപ്പുമല വളവിൽ നേരത്തെ റോഡ് താഴ്ന്ന ഭാഗത്തും യാത്രക്കാർക്ക് സുഖയാത്രയല്ല.
ഓമശ്ശേരി ടൗണിൽ പലയിടത്തും പ്രവൃത്തി പാതിവഴിയിൽ നിർത്തിയ പോലെയാണ്. ഓമശ്ശേരിയോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ കരാർ കമ്പനിയുടെ സൈറ്റ് ഓഫിസ് ഉപരോധിച്ചിരുന്നു. റോഡ് പ്രവൃത്തിക്കെതിരെ നേരത്തേയും നിരവധി പരാതി ഉയർന്നിരുന്നു.
അശാസ്ത്രീയമായ ഓവുചാൽ നിർമാണം, പ്രവൃത്തിയുടെ ഗുണനിലവാരക്കുറവ്, പൊതുമരാമത്ത് സ്ഥലം സ്വകാര്യ വ്യക്തികൾക്ക് വിട്ടുകൊടുത്ത് അതിരിൽനിന്ന് ഒരു മീറ്റർ വരെ ഉള്ളിലേക്ക് നീക്കിയുള്ള റോഡ് നിർമാണം, ഇതു മൂലമുള്ള റോഡിന്റെ വീതിക്കുറവ്, അശാസ്ത്രീയമായി റോഡ് ഉയർത്തിയ സ്ഥലങ്ങളിലെ വെള്ളക്കെട്ട്, ഗുണനിലവാരമില്ലാത്ത നിർമാണ സാമഗ്രികൾ ഉപയോഗിച്ചുള്ള റോഡ് നിർമാണം, കോൺക്രീറ്റ് സ്ലാബുകളുടെ ഉറപ്പുകുറവും പൊട്ടലും ഉൾപ്പെടെയുള്ള പരാതികളും നേരത്തെ ഉയർന്നുവന്നതാണ്.
റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 222 കോടി രൂപ ചെലവിലാണ് റോഡ് നവീകരണം നടക്കുന്നത്.
കൊയിലാണ്ടി- പൂനൂർ, പൂനൂർ- ഓമശ്ശേരി, ഓമശ്ശേരി- എരഞ്ഞിമാവ് എന്നീ മൂന്ന് റീച്ചുകളുടെ നിർമാണത്തിനാണ് 222 കോടി രൂപയുടെ കരാർ നൽകിയത്.
ആവശ്യമായ വീതി ലഭ്യമാകുന്ന ഇടങ്ങളിൽ 12 മീറ്റർ കാര്യേജ് വേ ആയി അത്യാധുനിക സൗകര്യങ്ങളോടെയാണ് റോഡിന്റെ പുനർനിർമാണം നടക്കുകയെന്നും വ്യക്തമാക്കിയിരുന്നു. കലുങ്കുകൾ, പാലങ്ങൾ എന്നിവയുടെ നിർമാണവും പരിപാലനവും, ഓവുചാൽ, ടൈൽ വിരിച്ച ഹാൻഡ് റെയിലോട് കൂടിയ നടപ്പാതകൾ, പ്രധാന ജങ്ഷനുകളുടെ സൗന്ദര്യവത്കരണം, തെരുവുവിളക്കുകൾ തുടങ്ങി അത്യാധുനിക സംവിധാനത്തോടെയാണ് റോഡ് നിർമാണമെന്നാണ് ആദ്യഘട്ടത്തിൽ അറിയിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.