മുക്കം: മലയോര മേഖലയുടെ കായികസ്വപ്നങ്ങൾക്ക് കരുത്തേകാൻ മുക്കം നഗരസഭയിലെ മാമ്പറ്റയിൽ ആധുനിക നിലവാരത്തിലുള്ള മൈതാനമൊരുങ്ങുന്നു. നിലവിലുള്ള മിനി സ്റ്റേഡിയമാണ് ആറര കോടി രൂപ ചെലവഴിച്ച് ആധുനിക നിലവാരത്തിലേക്ക് ഉയർത്തുന്നത്. സ്റ്റേഡിയത്തിന്റെ നിർമാണ പ്രവൃത്തി അടുത്ത വാരം ആരംഭിക്കും.
ഓരോ പഞ്ചായത്തിലും കളിസ്ഥലം എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കിയ പദ്ധതിയുടെ ഭാഗമായാണ് സ്റ്റേഡിയം നിർമിക്കുന്നത്. 57 സ്റ്റേഡിയങ്ങൾക്കായി കിഫ്ബിയിൽനിന്ന് 1000 കോടി രൂപയാണ് വകയിരുത്തിയത്. രണ്ടേക്കറോളം വരുന്ന മൈതാനത്ത് ടർഫ് ഫുട്ബാൾ മൈതാനം, 200 മീറ്റർ സിന്തറ്റിക് ട്രാക്ക്, ആധുനിക ജിംനേഷ്യം, ജംപിങ് പിറ്റുകൾ, ഗാലറി എന്നിവ നിർമിക്കാനാണ് പദ്ധതി.
പുല്ലൂരാംപാറയിൽ സ്റ്റേഡിയം സ്ഥാപിക്കാൻ 2016-17 ബജറ്റിൽ തുക വകയിരുത്തിയിരുന്നു. എന്നാൽ, സ്ഥലം ലഭ്യമല്ലാത്തതിനാൽ തിരുവമ്പാടിയിലേക്കു മാറ്റി. മഴക്കാലത്ത് തിരുവമ്പാടി സ്റ്റേഡിയം വെള്ളത്തിലാകുമെന്ന സ്ഥിതി വന്നപ്പോഴാണ് മാമ്പറ്റയിലേക്കു മാറ്റിയത്. മലയോര മേഖലയിൽ തുടർച്ചയായി ഉണ്ടാകുന്ന വെള്ളപ്പൊക്കവും പ്രകൃതിക്ഷോഭവും പുൽമൈതാനവും സിന്തറ്റിക് ട്രാക്കുകളുമടങ്ങുന്ന സ്റ്റേഡിയത്തിന്റെ നിലനിൽപിന് പ്രതികൂലമാകുമെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം മാറ്റിയത്. കോഴിക്കോട് പട്ടണത്തിനു പുറത്തെ ആദ്യത്തെ സിന്തറ്റിക് ട്രാക്കാണ് മാമ്പറ്റയിൽ ഒരുങ്ങുന്നത്. കൂടാതെ, അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്ബാൾ കോർട്ടും. കായിക മാമാങ്കങ്ങൾക്കും ദേശീയ നിലവാരത്തിലുള്ള മത്സരങ്ങൾക്കും സ്റ്റേഡിയം വേദിയാകും. ദേശീയ അത്ലറ്റിക് മീറ്റ് ഉൾപ്പെടെ നിരവധി കായികമത്സരങ്ങളിൽ പങ്കെടുത്ത കായികതാരങ്ങൾക്കും പുതുതലമുറക്കും സ്റ്റേഡിയം പുത്തൻ ഉണർവാകും.
കിഫ്ബിയുടെ ധനസഹായത്തോടെ സംസ്ഥാന സ്പോർട്സ് ഡയറക്ടറേറ്റിനു കീഴിൽ പൊതുമേഖല സ്ഥാപനമായ കിറ്റ്കോ നിർവഹണ ഏജൻസിയായാണ് സ്റ്റേഡിയം നിർമിക്കുന്നത്. ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കാണ് നിർമാണ ചുമതല. സ്റ്റേഡിയം യാഥാർഥ്യമാകുന്നതോടെ മലയോരത്തിന്റെ കായിക മേഖലയുടെ തലസ്ഥാനമായി മുക്കം മാറും. ഒട്ടേറെ ദേശീയ-അന്തർദേശീയ കായികതാരങ്ങൾ മലയോര മേഖലയിൽനിന്ന് ഉയർന്നുവന്നെങ്കിലും നിലവാരമുള്ള പരിശീലനം നൽകാൻ കഴിയാതിരുന്നത് വലിയ പോരായ്മയായിരുന്നു. സ്റ്റേഡിയം യാഥാർഥ്യമാകുന്നതോടെ ജില്ലയിലുടനീളമുള്ള കുട്ടികൾക്ക് മികച്ച പരിശീലനത്തിനുള്ള അവസരമൊരുങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.