ഹൈമാസ്റ്റ് ലൈറ്റുകൾ കണ്ണടച്ചിട്ട് മാസങ്ങൾ; മുക്കം ഇരുട്ടിൽ

മുക്കം: കിഴക്കൻ മലയോര മേഖലയുടെ ആസ്ഥാനമായ മുക്കം ടൗണിൽ ഹൈമാസ്റ്റ് ലൈറ്റുകൾ കണ്ണടച്ചിട്ട് മാസങ്ങൾ. അങ്ങാടിയിലെ പ്രധാന കേന്ദ്രമായ പഴയ ബസ് സ്റ്റാൻഡിലും അഭിലാഷ് ജങ്ഷനിലും സ്ഥാപിച്ച ലൈറ്റുകളാണ് മാസങ്ങളായി പ്രവർത്തനരഹിതമായത്.

എം.ഐ. ഷാനവാസ് എം.പിയായിരിക്കെ അനുവദിച്ച അഞ്ചുലക്ഷം രൂപ ചെലവഴിച്ച് അഭിലാഷ് ജങ്ഷനിലും സി. മോയിൻകുട്ടി എം.എൽ.എയുടെ ആസ്ഥി വികസന ഫണ്ടിൽനിന്ന് നാലര ലക്ഷം വിനിയോഗിച്ച് ബസ് സ്റ്റാൻഡിലും ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചത്.

നിശ്ചിത സമയം കഴിഞ്ഞാൽ അറ്റകുറ്റപ്പണികൾ നടത്തേണ്ടത് നഗരസഭയാണ്. എന്നാൽ, അധികൃതർ ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്. രാത്രി സ്ത്രീകൾ ഉൾപ്പെടെ ദിനേന നൂറുകണക്കിന് യാത്രക്കാരാണ് മുക്കം ടൗണിലെത്തുന്നത്. ദീർഘദൂര ബസ് അടക്കം കാത്തിരിക്കുന്നവർക്കും ഈ ലൈറ്റുകൾ വലിയ ആശ്വാസമായിരുന്നു. ലൈറ്റുകൾ തെളിയാതായതോടെ കടകളടച്ചുകഴിഞ്ഞാൽ ടൗൺ ഇരുട്ടിൽ മുങ്ങും.

തെരുവുനായ് ശല്യമടക്കം രൂക്ഷമായ സാഹചര്യത്തിൽ ഹൈമാസ്റ്റ് ലൈറ്റുകൾ തെളിക്കാൻ സത്വര നടപടി സ്വീകരിക്കണമെന്ന് പൊതുജനങ്ങളും വ്യാപാരികളും നാളുകളായി ആവശ്യപ്പെടുകയാണ്.

ഇതിനുപുറമെ നഗരസഭയിൽ നിലാവ് പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച തെരുവുവിളക്കുകളിൽ പലതും നാലുമാസം പോലും തെളിഞ്ഞില്ലെന്ന് യു.ഡി.എഫ് കൗൺസിലർമാർ ആരോപിച്ചു. നിരവധി തവണ ആവശ്യപ്പെട്ടിട്ടും നടപടിയില്ലാത്ത സാഹചര്യത്തിൽ പ്രത്യക്ഷ സമര പരിപാടികൾ ആരംഭിക്കുമെന്നും അവർ പറഞ്ഞു.

അതേസമയം ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തനസജ്ജമാക്കാൻ നടപടി സ്വീകരിക്കുമെന്നും അതുവരെ ബദൽ സംവിധാനം ഏർപ്പെടുത്തുമെന്നും നഗരസഭ ചെയർമാൻ പി.ടി. ബാബു പറഞ്ഞു.

Tags:    
News Summary - Months since the highmast lights were blinded-Deep in the dark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.