മുക്കം: പുൽപ്പറമ്പിൽ വയൽ നികത്താനുള്ള നീക്കം നഗരസഭ-റവന്യൂ അധികൃതർ ചേർന്ന് തടഞ്ഞു. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ സ്ഥലമുടമക്കെതിരെ നഗരസഭ സെക്രട്ടറിയും വില്ലേജ് ഓഫിസറും മുക്കം പൊലീസിൽ പരാതി നൽകി. നെൽകൃഷി ചെയ്യുന്ന പുൽപറമ്പ് പാടശേഖരത്തിെൻറ റോഡിനോട് ചേർന്ന ഭാഗത്ത് കരിങ്കൽ കെട്ട് കെട്ടിയുയർത്തി മണ്ണിട്ട് നികത്താൻ നടത്തിയ ശ്രമമാണ് അധികൃതർ തടഞ്ഞത്.
കരിങ്കൽ കെട്ട് നിർമിക്കാനായി കിളച്ച് എടുത്ത സ്ഥലം പൂർവസ്ഥിതിയിലാക്കാനും നിർദേശം നൽകിയിട്ടുണ്ട്. സ്ഥലമുടമ ഖാലിദിനെതിരെ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരവും കേരള മുനിസിപ്പൽ കെട്ടിട നിർമാണ ചട്ടപ്രകാരവും നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. മണ്ണിടാനുള്ള നീക്കം തടഞ്ഞതിനെതിരെ താഴക്കോട് വില്ലേജ് ഓഫിസറെ ഫോണിൽ വിളിച്ചും നഗരസഭ സെക്രട്ടറിയെ ഓഫിസിലെത്തിയും ഭീഷണിപ്പെടുത്തിയതായാണ് ഇവർ സംയുക്തമായി നൽകിയ പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്.
മഴക്കാലത്ത് ഇരുവഞ്ഞിപ്പുഴയിൽ ജലനിരപ്പ് ഉയർന്നാൽ ആദ്യം വെള്ളം കയറുന്ന പ്രദേശമാണ് പുൽപറമ്പ്. ഇവിടെ വയൽ നികത്തുന്നത് മൂലം മഴക്കാലത്ത് നാട്ടുകാരുടെ ദുരിതം ഇരട്ടിയാകും. മാത്രമല്ല വ്യാപകമായി നെൽകൃഷിയിറക്കുന്ന പ്രദേശം കൂടിയാണിത്. നഗരസഭ സെക്രട്ടറി എൻ.കെ. ഹരീഷിെൻറ നേതൃത്വത്തിലുളള പരിശോധന സംഘത്തിൽ മുനിസിപ്പൽ എൻജിനീയർ പി.എം. കൃഷ്ണൻകുട്ടി, താഴെക്കോട് വില്ലേജ് ഓഫിസർ രാഹുൽ കുമാർ, സ്പെഷൽ വില്ലേജ് ഓഫിസർ പി.ജെ. അഗസ്റ്റിൻ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.