മുക്കം: മുക്കം സർവിസ് സഹകരണ ബാങ്ക് ജീവനക്കാരനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മർദിച്ചതായി പരാതി. വെണ്ണക്കോട് ബ്രാഞ്ചിൽ മാനേജർ ചുമതല വഹിക്കുന്ന മിഥുനെ മർദിച്ചതായാണ് പരാതി. ഇയാൾ മുക്കം സി.എച്ച്.സിയിൽ ചികിത്സ തേടി.
ചൊവ്വാഴ്ച ഉച്ചക്ക് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന തന്നെ ഒരു സംഘം മർദിക്കുകയായിരുന്നുവെന്ന് മിഥുൻ പറഞ്ഞു. നേരത്തേ ഒരുവർഷത്തോളം അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയുടെ ഭരണത്തിലായിരുന്ന മുക്കം ബാങ്ക് കഴിഞ്ഞ ദിവസമാണ് ഹൈകോടതി വിധിയിലൂടെ യു.ഡി.എഫിന് ലഭിച്ചത്.
കമ്മിറ്റിയുടെ ഭരണം നടക്കുന്ന സമയം യൂത്ത് കോൺഗ്രസ് ഗ്രൂപ്പിൽ വന്ന മെസേജ് സ്ക്രീൻ ഷോട്ടെടുത്ത് സി.പി.എം നേതാക്കൾക്ക് അയച്ചുകൊടുത്തതായി ആരോപിച്ചാണ് മർദനം നടന്നതെന്നാണ് സൂചന.
അക്രമത്തിൽ മിഥുെൻറ വലതുകൈക്കും നെഞ്ചിനുമാണ് പരിക്കേറ്റത്. ഇയാളുടെ ജോലി തെറിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
അതേസമയം, സംഘടന വിഷയം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ബാങ്കിലേക്ക് വിളിച്ചുവരുത്തിയ മിഥുൻ തങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന ദലിത് യുവാവിനെ ജാതിപ്പേര് വിളിക്കുകയും മർദിക്കുകയും ചെയ്യുകയായിരുന്നുവെന്നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പറയുന്നത്. അക്രമത്തിൽ നെഞ്ചിന് പരിക്കേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകനും മുക്കം ഗവ. ആശുപത്രിയിൽ ചികിത്സ തേടി. ഇരുവിഭാഗത്തിെൻറയും പരാതിയിൽ മുക്കം പൊലീസ് അന്വേഷണമാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.