മുക്കം ബാങ്ക് പ്രസിഡൻറ് തെരഞ്ഞെടുപ്പ്: കോൺഗ്രസിലും മുന്നണിയിലും കലാപമുയരുന്നു

മുക്കം: മുക്കം സഹകരണ ബാങ്ക് പ്രസിഡൻറ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡി.സി.സി പ്രസിഡൻറ് സ്വീകരിച്ച അച്ചടക്കനടപടികൾക്കെതിരെ പാർട്ടിയിലും മുന്നണിയിലും പ്രതിഷേധം കത്തുന്നു.

ലീഗിലെ പി.ടി. ഷറഫുദ്ദീനെ പ്രസിഡന്റായി തെരഞ്ഞെടുത്ത യോഗത്തിൽ പങ്കെടുത്ത പി.ടി. ബാലൻ, എൻ.വി. ഷാജൻ എന്നിവരെ പാർട്ടിയിൽനിന്ന് പുറത്താക്കിയതും മണ്ഡലം പ്രസിഡൻറ് ടി.ടി. സുലൈമാൻ, ബാങ്ക് ഡയറക്ടർ ഒ.കെ. ബൈജു എന്നിവരെ സസ്പെൻഡ് ചെയ്തതുമാണ് പാർട്ടിക്കുള്ളിൽ കലാപത്തിന് തിരികൊളുത്തിയിരിക്കുന്നത്.

ബാങ്ക് പ്രസിഡൻറ് പദവി സംബന്ധിച്ച് എ, ഐ ഗ്രൂപ് നേതാക്കൾ തമ്മിലുണ്ടാക്കിയ കരാറും മുഖ്യ ചർച്ചയാണ്. മുന്നണി ധാരണപ്രകാരമുള്ള സമയപരിധിയെത്തിയിട്ടും കേസും അഡ്മിനിസ്ട്രേറ്റിവ് ഭരണവും തീരുന്നതുവരെ പ്രസിഡന്റ് പദവിക്കായി കാത്തിരുന്നിട്ടും അവസരമെത്തിയപ്പോൾ തെരഞ്ഞെടുപ്പുയോഗത്തിൽ അംഗങ്ങൾക്ക് വിലക്കേർപ്പെടുത്തിയ കോൺഗ്രസ് നടപടിയും ലീഗ് പ്രസിഡൻറായശേഷമുള്ള ആദ്യ യോഗം യൂത്ത് കോൺഗ്രസുകാർ അലങ്കോലമാക്കിയതിലും ലീഗും കനത്ത അമർഷത്തിലാണ്.

യു.ഡി.എഫിനെ അട്ടിമറിച്ച് ബാങ്ക് ഭരണം പിടിക്കാനുള്ള സി.പി.എം നീക്കത്തിന് കുടപിടിക്കുകയും സി.പി.എം പ്രതിനിധിയെ പ്രസിഡൻറായി തെരഞ്ഞെടുത്ത യോഗത്തിൽ പങ്കെടുക്കുകയും ചെയ്ത ഡയറക്ടർക്കെതിരെ ഒരു നടപടിയും സ്വീകരിച്ചില്ലെന്നു മാത്രമല്ല, മുന്നണി ധാരണ ലംഘിച്ച് പ്രസിഡന്റാക്കാൻ വിപ്പ് നൽകുകയാണ് ജില്ല പ്രസിഡന്റ് ചെയ്തതെന്ന് ഒരു വിഭാഗം പ്രവർത്തകർ പറയുന്നു. അതേ സമയം, മുന്നണിധാരണപ്രകാരം ലീഗിന് വോട്ടു ചെയ്ത ഡയറക്ടർമാർക്കെതിരെയും നഗരസഭയിൽ പാർട്ടി പ്രവർത്തനം സജീവമാക്കുന്ന മണ്ഡലം പ്രസിഡന്റിനെതിരെയും ബാങ്ക് ഭരണം നിലനിർത്താൻ നിയമ പോരാട്ടങ്ങൾക്ക് ചുക്കാൻപിടിക്കുന്ന ഒ.കെ. ബൈജുവിനെതിരെയും തിടുക്കപ്പെട്ട് നടപടി സ്വീകരിച്ചതും പ്രവർത്തകരെ ചൊടിപ്പിച്ചിട്ടുണ്ട്.

പാർട്ടി ഗ്രൂപ്പുകളിലും സമൂഹമാധ്യമങ്ങളിലും ഇതുസംബന്ധിച്ച ചർച്ച സജീവമാണ്. യു.ഡി.എഫിന് ലഭിക്കുമായിരുന്ന നഗരസഭ ഭരണം പാർട്ടിയെയും മുന്നണിസംവിധാനങ്ങളെയും പിന്നിൽനിന്ന് കുത്തി ചുണ്ടിനും കപ്പിനും ഇടയിൽ നഷ്ടപ്പെടുത്തിയും സന്നിഗ്ധ ഘട്ടങ്ങളിലെല്ലാം സി.പി.എമ്മുമായി സന്ധി ചെയ്ത് പാർട്ടി ഒറ്റുകൊടുക്കുന്ന ഒരു വിഭാഗം ഏറെ നാളായി പ്രവർത്തിക്കുന്നുണ്ടെന്നും ഇക്കാര്യം ശ്രദ്ധയിൽപെടുത്തിയിട്ടും നടപടിയില്ലാത്തതും നല്ലൊരു ഭാഗം പ്രവർത്തകരെ നിരാശരാക്കുന്നുണ്ട്.

ചേന്ദമംഗലൂർ ഉൾപ്പെടെ നഗരസഭ വാർഡുകളിൽ മുന്നണി ധാരണകൾക്കെതിരെ കൂട്ടുകെട്ടുണ്ടാക്കി നടത്തിയ നീക്കങ്ങൾ അമ്പേ പരാജയപ്പെട്ടിരുന്നെങ്കിലും ഇപ്പോൾ അതും ചർച്ചയാണ്. എന്നാൽ, പാർട്ടിക്കുള്ളിലെ കരാറുകളും തീരുമാനങ്ങളും പാലിക്കാതെയുള്ള ഒരു വിഭാഗത്തിന്റെ ധാർഷ്ട്യമാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന ആക്ഷേപവും മറുവാദവും ശക്തമാണ്. പാർട്ടിയിലെ ഒരു വിഭാഗത്തെ പാർട്ടിവിരുദ്ധരായി ചിത്രീകരിച്ച് വിശുദ്ധരായി ചമയാനുള്ള ശ്രമങ്ങളും കൂട്ടായ്മക്ക് തിരിച്ചടിയായി ഇവർ ചൂണ്ടിക്കാണിക്കുന്നുണ്ട്.

പാർട്ടിയിലെ ഭിന്നതകൾക്കു പുറമെ ഡി.സി.സി പ്രസിഡൻറിന്റെ നടപടി മുന്നണിയിലും കലാപത്തിന് വഴിതെളിച്ചിരിക്കുകയാണ്. കോൺഗ്രസ് മുന്നണിമര്യാദ പാലിക്കണമെന്നാവശ്യപ്പെട്ട് ലീഗ് നേതാക്കൾ മുക്കത്ത് വാർത്തസമ്മേളനം നടത്തി പ്രതിഷേധമറിയിച്ചുകഴിഞ്ഞു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തിന്റെ ഭാഗമായ മുക്കത്ത് യു.ഡി.എഫിൽ ഉടലെടുത്ത പ്രശ്നങ്ങൾ നിസ്സാരമായി തള്ളിക്കളയാവുന്നതല്ല.

Tags:    
News Summary - Mukkam Bank Presidential Election: Dispute in Congress and UDF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.