മുക്കം: നഗരസഭയിലെ മുക്കം-മാമ്പറ്റ ബൈപാസിൽ കയ്യിട്ടാപൊയിലിൽ അപകടങ്ങൾ പതിവാകുന്നു. കയ്യിട്ടാപൊയിൽ ഭാഗത്തെ റോഡിന്റെ വീതിക്കുറവും കാഴ്ചമറയ്ക്കുന്ന റോഡരികിലെ മരങ്ങളുമാണ് അപകടത്തിന് കാരണമാകുന്നത്.
കഴിഞ്ഞ ദിവസവും ഇവിടെ കാർ നിയന്ത്രണം വിട്ട് റോഡരികിലെ വീടിന്റെ ഗേറ്റിൽ ഇടിച്ച് തലകീഴായി മറിഞ്ഞ് അഞ്ചു പേർക്ക് പരിക്കേറ്റിരുന്നു. മുമ്പും നിരവധി അപകടങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്. 2019ലെ പ്രളയകാലത്ത് രക്ഷാപ്രവർത്തനത്തിനിടെ ഇവിടെവെച്ച് ആംബുലൻസ് മരത്തിലിടിച്ച് ഉണ്ടായ അപകടത്തിലാണ് ലിന്റോ ജോസഫ് എം.എൽ.എയുടെ കാലിന് പരിക്കേറ്റത്.
അന്നുമുതൽ റോഡിലെ അപകട ഭീഷണി ഉയർത്തുന്ന മരങ്ങൾ മുറിച്ചുമാറ്റി റോഡ് വീതികൂട്ടണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായില്ല.
എന്നാൽ, മുക്കം-മാമ്പറ്റ ബൈപാസ് നവീകരണത്തിനായി അഞ്ചുകോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ടെന്നും ഇത് ഭരണാനുമതിക്കായി കൊടുത്തിരിക്കുകയാണെന്നും നവീകരണത്തിന്റെ ഭാഗമായി റോഡ് വീതികൂട്ടുകയും തടസ്സമായി നിൽക്കുന്ന 72 മരങ്ങൾ മുറിച്ചുമാറ്റുകയും ചെയ്യുമെന്നും നഗരസഭ ചെയർമാൻ പി.ടി. ബാബു പറഞ്ഞു. ഇതിനായി നഗരസഭയിലെ ട്രീ കമ്മിറ്റി വനം വകുപ്പിന് അനുമതി നൽകിയിട്ടുണ്ട്. വനം വകുപ്പ് വാല്വേഷൻ നടപടികൾ പൂർത്തിയാക്കുന്നമുറക്ക് മരങ്ങൾ മുറിച്ചുമാറ്റുമെന്നും ചെയർമാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.