ദുരന്തഭീതിയിൽ മൈസൂർ മലയും സമീപ പ്രദേശങ്ങളും

മുക്കം: കുമരനെല്ലൂർ, കക്കാട്, കൊടിയത്തൂർ വില്ലേജുകളിലെ മലമ്പ്രദേശങ്ങൾ അനിയന്ത്രിത ഖനനങ്ങളും ഇടിച്ചുനിരത്തലും മൂലം പ്രകൃതിദുരന്ത ഭീഷണിയിൽ. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, സോയിൽ പൈപ്പിങ് ഉൾപ്പെടെ ഭൗമപ്രതിഭാസങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട മൈസൂർമല, പൈക്കാടൻ മല, ഊരാളികുന്ന്, തോട്ടക്കാട്, കൊളക്കാടൻ മല, കറുത്തപറമ്പ്, നെല്ലിക്കാപറമ്പ്, തോട്ടുമുക്കം പ്രദേശങ്ങളിലാണ് ഭൂനിയമങ്ങൾ കാറ്റിൽപറത്തി ഖനനങ്ങൾ നടക്കുന്നത്.

ജിയളോജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞർ പഠനം നടത്തി ദുരന്തസാധ്യത പ്രദേശങ്ങളായി കണ്ടെത്തി ജില്ല ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർക്ക് റിപ്പോർട്ട് നൽകിയ പ്രദേശങ്ങളും ഇതിൽ ഉൾപ്പെടും. മലകളുടെ ചുറ്റുഭാഗത്തും മുകളിലും ഉൾപ്പെടെ ദിനേന വൻതോതിലാണ് കരിങ്കൽ - ചെങ്കൽഖനനം നടക്കുന്നത്. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 400 അടിയോളം ഉയരത്തിലുള്ള ഈ മേഖലയിലെ കാർഷികസമൃദ്ധിക്കും ആദിവാസികൾ ഉൾപ്പെടെ നൂറുകണക്കിന് കുടുംബങ്ങളുടേയും ജീവജാലങ്ങളുടേയും ആവാസവ്യവസ്ഥക്കും അനിയന്ത്രിത ഖനനം കനത്ത വെല്ലുവിളിയാണ്.

ഉദ്യോഗസ്ഥ-രാഷ്ട്രീയ-വ്യവസായി കൂട്ടുകെട്ടിന്റെ ബലത്തിൽ ഭൂപരിഷ്കരണ നിയമത്തിന് സെക്ഷൻ 81 പ്രകാരം ഇളവു ലഭിച്ച തോട്ടഭൂമി തരംമാറ്റിയും ആദിവാസിഭൂമിയും മിച്ചഭൂമിയും കൈവശപ്പെടുത്തിയും ഖനനം നടക്കുന്നതായി വ്യാപക പരാതിയാണ് നിലനിൽക്കുന്നത്. മൈസൂരു സ്വദേശി കെ. രംഗശേഷാദ്രിയുടേതായിരുന്നു 2259 ഏക്കർ വരുന്ന മൈസൂർമല പിന്നീട് ഒട്ടേറെ കൈമാറ്റങ്ങൾ നടന്നു. ഇതുസംബന്ധിച്ച് ഇപ്പോഴും കേസ് നടപടികൾ നിലനിൽക്കുന്നുണ്ട്. കാൽനൂറ്റാണ്ട് മുമ്പാണ് ഇവിടെ ഖനനങ്ങൾ സജീവമായത്. അയൽജില്ലകളിൽനിന്നും, ദൂരെ സ്ഥലങ്ങളിൽനിന്നും ക്വാറികൾ നടത്തുന്നതിനായി ധാരാളം പേരെത്തി.

ആവശ്യമായ പരിശോധന നടത്തേണ്ട റവന്യൂ പഞ്ചായത്ത് - പൊലീസ് - ജിയോളജി ഉദ്യോഗസ്ഥർ കണ്ണടച്ചതോടെ ഖനനത്തിന് നിയന്ത്രണമില്ലാതായി. പരാതിപ്പെട്ടാൽ നടപടി ഉണ്ടാകില്ലെന്ന് പരിസ്ഥിതിപ്രവർത്തകർ പറയുന്നു. തോട്ടഭൂമിയുടെ കാര്യത്തിലാണ് ഏറെ തിരിമറികൾ നടന്നതായി ആക്ഷേപം നിലനിൽക്കുന്നത്. നാല് ഭാഗത്തുനിന്നും മലതുരന്ന് കരിങ്കൽഖനനം നടക്കുന്നതിനിടെയാണ് മലമടക്കുകളിൽ അനധികൃത ചെങ്കൽ ഖനനവും സജീവമായിരിക്കുന്നത്. അനുവാദമില്ലാതെ ഏക്കറുകണക്കിന് സ്ഥലത്ത് ചെങ്കൽഖനനം നടക്കുന്നതുമൂലം കുടിവെള്ളസ്രോതസ്സുകൾ ഇല്ലാതാകുകയാണ്. ക്വാറികളിലെ കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നത് മലയിടിച്ചിൽ ദുരന്തസാധ്യത ഉയർത്തുന്നുണ്ട്. അനധികൃത ഖനനം കാരണം സർക്കാറിന് കിട്ടേണ്ട നികുതി ഉൾപ്പെടെ നഷ്ടപ്പെടുകയാണ്. നാട്ടുകാരുടെ പരാതിയിൽ കഴിഞ്ഞദിവസം പ്രദേശത്ത് വിജിലൻസ് പരിശോധന നടത്തുകയും മണ്ണുമാന്തിയന്ത്രവും ലോറികളും കല്ലുവെട്ട് യന്ത്രങ്ങളും പിടികൂടിയിരുന്നു. കെട്ടിടനിർമാണത്തിനായി മലയുടെ താഴ്‌വാരങ്ങൾ ഇടിച്ചുനിരത്തുന്നതും പ്രകൃതിക്ക് ഭീഷണിയാണ്. ഇതിന് പുറമെ ജനവാസമേഖലകളിൽപോലും പുതിയ ക്വാറികൾ തുടങ്ങുന്നതിനുള്ള ശ്രമങ്ങൾ തകൃതിയാണ്.

Tags:    
News Summary - Mysore Hill and nearby areas in fear of disaster

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.