മുക്കം: കറുത്തപറമ്പിൽ പഞ്ചായത്ത് ഭരണസമിതി അറിയാതെ പുതിയ ക്വാറിക്ക് അനുമതി നൽകിയ സംഭവവുമായി ബന്ധപ്പെട്ട് കാരശ്ശേരി പഞ്ചായത്ത് ഓഫിസിനു മുന്നിൽ സമരങ്ങളുടെ വേലിയേറ്റം. ലൈസൻസ് അനുവദിച്ചതിനു പിന്നിൽ ഇടതുമുന്നണിയും പഞ്ചായത്ത് സെക്രട്ടറിയും തമ്മിലുള്ള ഗൂഢാലോചനയാണെന്നരോപിച്ച് യു.ഡി.എഫ്, വെൽഫെയർ പാർട്ടി പ്രവർത്തകർ സംയുക്തമായാണ് ആദ്യം സമരം നടത്തിയത്.
തുടർന്ന് 11 മണിയോടെ എൽ.ഡി.എഫ് മാർച്ചും 12 മണിയോടെ ഡി.വൈ.എഫ്.ഐ പ്രതിഷേധവും നടന്നു. കോഴിക്കോട് ജില്ലയിൽതന്നെ ഏറ്റവുമധികം ക്വാറി, ക്രഷർ യൂനിറ്റുകൾ പ്രവർത്തിക്കുന്ന പഞ്ചായത്തുകളിലൊന്നും കഴിഞ്ഞ പ്രളയസമയത്ത്, ഇരുപതോളം സ്ഥലത്ത് ഉരുൾപൊട്ടലുണ്ടാവുകയും ചെയ്ത പഞ്ചായത്താണ് കാരശ്ശേരി. ഈ സാഹചര്യത്തിൽ ഭരണസമിതിയുടെയും നാട്ടുകാരുടെയും പരിസ്ഥിതി പ്രവർത്തകരുടെയും പ്രതിഷേധങ്ങൾ വകവെക്കാതെ, സംസ്ഥാന ഭരണത്തിന്റെ സ്വാധീനം ഉപയോഗപ്പെടുത്തി കാരശ്ശേരി പഞ്ചായത്ത് സെക്രട്ടറി ജനവിരുദ്ധ നടപടി സ്വീകരിച്ചിരിക്കുകയാണെന്നും നൂറുകണക്കിന് കുടുംബങ്ങൾ കുടിവെള്ളത്തിനായി ഉപയോഗപ്പെടുത്തുന്ന പ്രദേശത്താണ് ക്വാറി പ്രവർത്തിക്കാൻ ലൈസൻസ് നൽകിയിട്ടുള്ളതെന്നും യു.ഡി.എഫ് ആരോപിച്ചു.
യു.ഡി.എഫ് വെൽഫെയർ പാർട്ടി സംയുക്താഭിമുഖ്യത്തിൽ പഞ്ചായത്ത് ഓഫിസിനു മുന്നിൽ നടത്തിയ ധർണ ഡി.സി.സി സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. കെ. കോയ അധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.പി. സ്മിത, വൈസ് പ്രസിഡന്റ് ആമിന എടത്തിൽ, എം.ടി. അഷ്റഫ്, ഷംസുദ്ദീൻ ചെറുവാടി, എം.ടി. സെയ്ദ് ഫസൽ, വി.എൻ. ജംനാസ്, ശംസുദ്ദീൻ ആനയാംകുന്ന്, ഗ്രാമ പഞ്ചായത്ത് മെംബർമാർ, യു.ഡി.എഫ്, വെൽഫെയർ പാർട്ടി നേതാക്കൾ എന്നിവർ സംബന്ധിച്ചു.
കറുത്തപറമ്പിൽ പുതിയ ക്വാറിക്ക് അനുമതി നൽകിയതിൽ പ്രതിഷേധിച്ച് ഇടതുമുന്നണി പ്രവർത്തകർ ഗ്രാമ പഞ്ചായത്ത് ഓഫിസിലേക്കു നടത്തിയ മാർച്ച് ഏരിയ സെക്രട്ടറി വി.കെ. വിനോദ് ഉദ്ഘാടനം ചെയ്തു. ലൈസൻസ് നല്കിയതിനു പിന്നിൽ വൻ തുകയുടെ ഇടപാട് നടന്നിട്ടുണ്ടെന്നും ഉദ്യോഗസ്ഥരെ പഴിചാരി രക്ഷപ്പെടാനാണ് ഭരണസമിതിയുടെ ശ്രമമെങ്കിൽ ഇത് ജനങ്ങളുടെ മുന്നിൽ തുറന്നുകാണിക്കുമെന്നും എൽ.ഡി.എഫ് നേതാക്കൾ പറഞ്ഞു.
ഉദ്യോഗസ്ഥനെ നിയന്ത്രിക്കാൻ കഴിയില്ലെങ്കിൽ ഭരണസമിതി രാജിവെച്ച് പുറത്തുപോവുന്നതാണ് നല്ലതെന്നും പ്രതിഷേധക്കാർ പറഞ്ഞു. എൽ.ജെ.ഡി ജില്ല കമ്മിറ്റി അംഗം എ. സുബൈർ, കെ. ഷാജികുമാർ, കെ.പി. ഷാജി, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, എൽ.ഡി.എഫ് നേതാക്കൾ എന്നിവർ സംബന്ധിച്ചു. ഡി.വൈ.എഫ്.ഐ പ്രവർത്തകർ പഞ്ചായത്ത് ഓഫിസിലേക്കു നടത്തിയ മാർച്ച് ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡൻറ് വിപിൻ ബാബു ഉദ്ഘാടനം ചെയ്തു. നോർത്ത് കാരശ്ശേരിയിൽനിന്ന് ആരംഭിച്ച മാർച്ച് പഞ്ചായത്ത് ഓഫിസിന്റെ മുന്നിൽ പൊലീസ് തടഞ്ഞെങ്കിലും പ്രവർത്തകർ ഓഫിസിനകത്തേക്ക് തള്ളിക്കയറിയത് സംഘർഷം തീർത്തു.
ഏറെ പരിസ്ഥിതിപ്രാധാന്യമുള്ള സ്ഥലത്ത് ലക്ഷങ്ങൾ കോഴ വാങ്ങിയാണ് പഞ്ചായത്ത് ഭരണസമിതി ക്വാറിക്ക് ലൈസൻസ് നൽകിയതെന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആരോപിച്ചു. റഫീഖ് ചോണാട്, ഉനൈസ്, ഷിജിൻ കപ്പാല, സവാദ് ഇബ്രാഹിം, ശ്യാം കിഷോർ, ധനൂപ് എന്നിവർ നേതൃത്വം നൽകി.
മുക്കം: കാരശ്ശേരി പഞ്ചായത്തിലെ കറുത്ത പറമ്പിൽ കരിങ്കൽ ക്വാറിക്ക് അനുമതി നൽകിയതുമായി ബന്ധപ്പെട്ട് നടക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ക്വാറി ഉടമകൾ. ക്വാറി തുടങ്ങുന്നതിനാവശ്യമായ എല്ലാ രേഖകളും 2021 നവംബറിൽ പഞ്ചായത്തിൽ സമർപ്പിച്ചിരുന്നു.
നിയമാനുസൃതം നൽകിയ അപേക്ഷയിൽ ഒരു മാസം കഴിഞ്ഞിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്. രേഖകൾ പരിശോധിച്ച് മൂന്നാഴ്ചക്കകം നടപടി കൈക്കൊള്ളണമെന്ന കോടതി ഉത്തരവിന്റെ ഭാഗമായി ആവശ്യമായ രേഖകൾ ഉണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ലൈസൻസ് അനുവദിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.