മുക്കം: മുക്കം നഗരസഭയിലെ നീലേശ്വരത്ത് പെട്രോൾ പമ്പ് ജീവനക്കാരന്റെ മുഖത്ത് മുളകുപൊടി വിതറി കവർച്ച നടത്തിയ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. മലപ്പുറം മങ്കട കോഴിപ്പറമ്പ് കുഴിക്കാട്ടിൽ ആഷിക് എന്ന സാബിത് അലി (21), കരുളായി കാട്ടിലപ്പാടം പുല്ലാന്നൂർ വീട്ടിൽ അനൂപ് (18), 17കാരൻ എന്നിവരാണ് പിടിയിലായത്. പാലക്കാട് മണ്ണാർക്കാട്, മങ്കട, കരുളായി എന്നിവിടങ്ങളിൽനിന്നാണ് ഇവർ പിടിയിലായത്.
റൂറൽ എസ്.പി ഡോ. അരവിന്ദ് സുകുമാറിന്റെ കീഴിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. കേസിൽ ഒരു പ്രതിയെകൂടി പിടികൂടാനുണ്ട്. ഇയാൾ ഗോവയിലേക്ക് കടന്നതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. മയക്കുമരുന്ന് വാങ്ങാനും ആർഭാട ജീവിതത്തിനുമാണ് പ്രതികൾ കവർച്ച നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെ നീലേശ്വരത്തെ ഹിന്ദുസ്ഥാൻ പെട്രോളിയം പമ്പിലായിരുന്നു കവർച്ച. മലപ്പുറത്തുനിന്ന് വാടകക്കെടുത്ത കാറിൽ തമിഴ്നാട് രജിസ്ട്രേഷനിലുള്ള നമ്പർ പ്ലേറ്റ് സ്ഥാപിച്ചാണ് കവർച്ചക്ക് ഉപയോഗിച്ചത്. പമ്പിലെത്തി ഇന്ധനം നിറക്കുന്നതിനിടെ മൂന്നുപേർ വാഹനത്തിൽ നിന്നിറങ്ങി.
കാർ പുറത്തേക്ക് പോയതിനു ശേഷം ജീവനക്കാരൻ സുരേഷ് മേശയിൽ തലവെച്ച് കിടന്നു. ഇതിനിടെ, പിന്നിലൂടെ എത്തിയ രണ്ടുപേർ സുരേഷിന്റെ കണ്ണിലേക്ക് മുളകുപൊടി വിതറി. മൂന്നാമൻ മുണ്ടുകൊണ്ട് പമ്പ് ജീവനക്കാരന്റെ മുഖം മറച്ചശേഷം കീശയിലുണ്ടായിരുന്ന പണം അപഹരിച്ചു.
ശേഷം പ്രതികൾ അഗസ്ത്യൻമുഴി വഴി കോഴിക്കോട്ടേക്ക് പോയി. മലാപ്പറമ്പ് ബൈപാസിലെത്തിയ സംഘം കൊയിലാണ്ടി റൂട്ടിലെ മറ്റൊരു പമ്പിൽ കവർച്ച ലക്ഷ്യമിട്ട് കയറിയെങ്കിലും ഈ സമയം പൊലീസ് വാഹനം എത്തിയതോടെ തിരികെപ്പോയി. തുടർന്ന് ശനിയാഴ്ച മലപ്പുറം കുന്നുമ്മലിൽ, നേരത്തെ കണ്ടുവെച്ച ജ്വല്ലറിയിൽ കവർച്ചക്ക് പദ്ധതിയിട്ടെങ്കിലും പമ്പിലെ കാമറയിൽ ഫോട്ടോ പതിഞ്ഞെന്ന സംശയത്താൽ ഉപേക്ഷിച്ചു.
മുക്കത്തെ കവർച്ചക്ക് മുമ്പ് കഴിഞ്ഞ 14ന് പുലർച്ചെ രണ്ടുമണിക്ക് തമിഴ്നാട് മേട്ടുപാളയത്തെ പെട്രോൾ പമ്പിലും പ്രതികൾ നാലുപേരും ഇതേ കാറിലെത്തി കവർച്ചക്കൊരുങ്ങി. ജീവനക്കാരൻ ഓടി ഓഫിസിൽ കയറി വാതിലടച്ചപ്പോൾ പ്രതികൾ വാതിൽ തകർത്തെങ്കിലും പമ്പിലേക്ക് മറ്റു വാഹനങ്ങൾ വന്നതോടെ ജീവനക്കാരന്റെ മൊബൈൽ ഫോണുമായി കടന്നു.
ഊട്ടിയിലും വയനാട്, മലപ്പുറം ജില്ലകളിലും പെട്രോൾ പമ്പ് കവർച്ചക്ക് ശ്രമിച്ചെങ്കിലും നടക്കാതെപോകുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സാബിത് അലി 2018ൽ മലപ്പുറം ജില്ലയിൽ മൂന്ന് കിലോ കഞ്ചാവുമായി എക്സൈസിന്റെ പിടിയിലായിരുന്നു.
താമരശ്ശേരി ഡിവൈ.എസ്.പി അഷ്റഫ് തെങ്ങിലക്കണ്ടി, മുക്കം ഇൻസ്പെക്ടർ കെ. സുമിത്കുമാർ എന്നിവരുടെ നേതൃത്വത്തിൽ സ്പെഷൽ സ്ക്വാഡ് എസ്.ഐമാരായ രാജീവ് ബാബു, ബിജു പൂക്കോട്ട്, സീനിയർ സി.പി.ഒമാരായ ജയരാജൻ പനങ്ങാട്, ജിനീഷ് ബാലുശ്ശേരി, മുക്കം എസ്.ഐ കെ. സന്തോഷ്കുമാർ, എ.എസ്.ഐ ഷിബിൽ ജോസഫ്, സീനിയർ സി.പി.ഒ അബ്ദുൽ റഷീദ് പൂനത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.