മുക്കം: ഏറെക്കാലത്തെ പ്രതിഷേധങ്ങൾക്കും മുറവിളികൾക്കുമൊടുവിൽ നവീകരണ പ്രവൃത്തി ആരംഭിച്ച കുറ്റിപ്പാല ചേന്ദമംഗല്ലൂർ റോഡ് നിർമാണത്തിലെ അശാസ്ത്രീയതക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു. പൊതുമരാമത്ത് വകുപ്പ് 2.5 കോടിയും, നഗരസഭ 38 ലക്ഷവും വകയിരുത്തിയാണ് റോഡ് നവീകരിക്കുന്നത്. എന്നാൽ റോഡ് പ്രവൃത്തി ചേന്ദമംഗല്ലൂർ ഭാഗത്തേക്ക് എത്തിയപ്പോൾ ആവശ്യമായ സ്ഥലങ്ങളിൽ പാർശ്വഭിത്തി കെട്ടി ഉയർത്താതെ റോഡ് ഭാഗം മാത്രം മണ്ണിട്ട് ഉയർത്തുന്നതും, ഇടറോഡുകൾ വരുന്ന ഭാഗങ്ങളിൽ അനുയോജ്യമല്ലാത്ത രീതിയിൽ നടത്തുന്ന പ്രവൃത്തികളുമാണ് പ്രതിഷേധത്തിന് വഴിവെക്കുന്നത്.
വെള്ളിയാഴ്ച ആദ്യഘട്ട ടാറിങ് ആരംഭിച്ചപ്പോൾ മിനി പഞ്ചാബ് ഭാഗത്ത് നാട്ടുകാർ പ്രവൃത്തി തടഞ്ഞിരുന്നു. ഈ ഭാഗത്ത് ഇടറോഡിലെ ഒരു ഭാഗം ആവശ്യത്തിലധികം ഉയർത്തിയും, മറുഭാഗം വേണ്ടത്ര ഉയർത്താത്ത നിലയിലുമാണ്. പ്രശ്നം നഗരസഭ കൗൺസിലറും, നാട്ടുകാരും ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപെടുത്തിയിരുന്നതാണ്. പരിഹാരം കാണാമെന്ന് പറഞ്ഞിരുന്നെങ്കിലും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പയ്യടി ഭാഗത്ത് റോഡരിക് കൂടുതലായി ഉയർന്നത് അപകടസാധ്യത വർധിപ്പിച്ചിട്ടുണ്ട്. പാലിയിൽ എത്തുമ്പോൾ റോഡിന്റെ ഇരു ഭാഗവും കെട്ടാതെയാണ് ഉയർത്തിയത്. ചേന്ദമംഗല്ലൂർ യു.പി സ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ, അൽ ഇസ്ലാഹ് ഇംഗ്ലീഷ് സ്കൂൾ, ഗുഡ് ഹോപ് ഇംഗ്ലീഷ് സ്കൂൾ, ഇസ്ലാഹിയ കോളജ്, സുന്നിയ അറബിക് കോളജ് വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേർ ആശ്രയിക്കുന്ന പ്രധാന റോഡാണിത്.
പാർശ്വഭിത്തി ഉയർത്താത്തത് കാൽനടക്കാർക്കാണ് ഏറെ പ്രയാസം ഉണ്ടാക്കുന്നത്.പുൽപറമ്പ് ഭാഗത്ത് നിന്ന് ചേന്ദമംഗല്ലൂരിലേക്ക് വരുമ്പോൾ പിലാക്കൽ ഭാഗത്തെ ഓവുചാൽ നിർമാണത്തിലും അപാകതയുണ്ട്. ഇവിടെ നടപ്പാത ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയാണ്. ന്യൂനതകൾ യഥാസമയം സ്ഥലം എം.എൽ.എ, നഗരസഭ എൻജിനീയർ, നഗരസഭ ചെയർമാൻ, കരാറുകാർ, ഉൾപ്പെടെയുള്ളവരെ നേരിട്ട് ബോധ്യപ്പെടുത്തിയെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു. നിർമാണത്തിലെ അപാകതകൾ പരിഹരിക്കാതെ റോഡ് പ്രവൃത്തി തുടരാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ.
നിരവധി തവണ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും പരിഹാരമില്ലാത്തതിനാൽ പ്രത്യക്ഷ സമരപരിപാടികളുമായി രംഗത്തിറങ്ങാനുള്ള തീരുമാനത്തിലാണ് നാട്ടുകാർ. കുറ്റിപ്പാല ഭാഗത്ത് നിർമാണത്തിന് പിറകെ ഓവുചാൽ പൊളിഞ്ഞു വീണത് വിവാദമായിരുന്നു. ഇതേതുടർന്ന്, പ്രവൃത്തിയിലെ സുതാര്യത ഉറപ്പുവരുത്തുന്നതിന് ഡീറ്റെയിൽ എസ്റ്റിമേറ്റ് പൊതുജനങ്ങൾക്ക് ലഭ്യമാകും വിധത്തിൽ പ്രസിദ്ധീകരിക്കണമെന്നും, ഓരോ പ്രദേശത്തെയും നടക്കേണ്ട പ്രവൃത്തികളെ കുറിച്ചും നടക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ചും പൊതുജനങ്ങൾക്ക് ഇടപെടാൻ കഴിയും വിധത്തിൽ പദ്ധതി സുതാര്യമായി നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാരും ജനപ്രതിനിധികളും രംഗത്തിറങ്ങിയിരുന്നു. റോഡിന് ഫണ്ട് വകയിരുത്തിയതിനെക്കുറിച്ചും പ്രവൃത്തിയെക്കുറിച്ചും ആക്ഷേപങ്ങളും പരാതികളും ഉണ്ടായ സാഹചര്യത്തിൽ പ്രവൃത്തി മോണിറ്റർ ചെയ്യുന്നതിന് ജനകീയ കമ്മിറ്റി രൂപവത്കരിക്കണമെന്നും ആവശ്യമുയർന്നിരുന്നു.
കഴിഞ്ഞ സാമ്പത്തികവർഷം റോഡ് പണി ആരംഭിച്ചിരുന്നെങ്കിലും ഓവുചാൽ സംവിധാനം ഉൾപ്പെടെ നിർമിക്കാതെ പ്രവൃത്തി ആരംഭിച്ചതിനാൽ നാട്ടുകാർ പരാതി നൽകിയതിനെ തുടർന്ന് പ്രവൃത്തി റദ്ദ് ചെയ്തിരുന്നു.
തുടർന്ന് റോഡിന് ഫണ്ടനുവദിക്കാതെ ചേന്ദമംഗല്ലൂർ പ്രദേശത്തോടുള്ള അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രദേശത്തെ യു.ഡി.എഫ്, വെൽഫെയർ പാർട്ടി കൗൺസിലർമാർ രംഗത്തു വന്നിരുന്നു. പ്രതിഷേധം ശക്തമായതോടെ റീടെൻഡർ വിളിച്ചാണ് ഈ വർഷം റോഡുപണി ആരംഭിച്ചത്. അതേ സമയം നിലവിലെ എസ്റ്റിമേറ്റ് പ്രകാരമുള്ള പ്രവൃത്തിയാണ് നടക്കുന്നതെന്നും പോരായ്മകൾ പരിഹരിക്കുന്നതിന് കൂടുതൽ തുക അനുവദിക്കുന്നതിനുള്ള ശ്രമങ്ങൾ ഭാവിയിൽ നടത്തുമെന്ന് നഗരസഭ ചെയർമാൻ പി.ടി. ബാബു മാധ്യമത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.