മുക്കം: ദിനേന നൂറുകണക്കിന് യാത്രക്കാരെത്തുന്ന മുക്കം ബസ് സ്റ്റാൻഡിൽ ‘ആശങ്ക’ തീർക്കാനാവാതെ യാത്രക്കാർ. നവീകരണ പ്രവൃത്തിക്കായി മുക്കം ബസ് സ്റ്റാൻഡിലെ പൊതുശൗചാലയം പൂർണമായും പൊളിച്ചതാണ് യാത്രക്കാർക്കും വ്യാപാരികൾക്കും ദുരിതമാവുന്നത്. പകരം സംവിധാനമൊരുക്കാതെ ശൗചാലയം പൊളിച്ചതാണ് പ്രതിസന്ധിക്ക് കാരണം. പുരുഷന്മാർ നഗരസഭ കാര്യാലയത്തിന് പിറകുവശത്തെ സ്ഥലത്ത് മൂത്രമൊഴിക്കാൻ തുടങ്ങിയതോടെ കാൽനട യാത്രക്കാരും വ്യാപാരികളും രൂക്ഷമായ ദുർഗന്ധത്താൽ മൂക്കുപൊത്തി നിൽക്കേണ്ട ഗതികേടിലാണ്.
ഒരു മാസം മുമ്പാണ് പൊതുശൗചാലയം പൊളിച്ചുനീക്കിയത്. ആവശ്യക്കാർക്ക് 150 മീറ്റർ അകലെയുള്ള പുതിയ ബസ് സ്റ്റാൻഡിലെ ശൗചാലയം ഉപയോഗിക്കാമെന്നാണ് നഗരസഭ അധികൃതരുടെ വാദം. ദീർഘദൂര ബസുകൾ പരമാവധി അഞ്ച് മിനിറ്റ് വരെ മാത്രം സ്റ്റാൻഡിൽ നിർത്തിയിടുന്നതിനാൽ ഇത് പ്രായോഗികമല്ലെന്ന് യാത്രക്കാർ പറയുന്നു.
32 ലക്ഷം രൂപ ചെലവിൽ, മൂന്ന് ഘട്ടങ്ങളിലായാണ് ശൗചാലയത്തിന്റെ പ്രവൃത്തി പൂർത്തീകരിക്കുക. 16 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന ആദ്യ ഘട്ടത്തിന്റെ പ്രവൃത്തി ഓമശ്ശേരി കേന്ദ്രമായി പ്രവർത്തിക്കുന്ന സൊസൈറ്റിയാണ് കരാറെടുത്തിരിക്കുന്നത്. എന്നാൽ, ഇതുവരെ നിർമാണ പ്രവൃത്തിയൊന്നും ആരംഭിച്ചിട്ടില്ല.
നഗരസഭ കാര്യാലയത്തിന് സമീപത്തുള്ള എയ്റോബിക് പ്ലാന്റ് പൊളിച്ചുമാറ്റിയാലേ ശൗചാലയ നിർമാണം ആരംഭിക്കാനാകൂ. എയ്റോബിക് പ്ലാന്റ് പൊളിച്ചുനീക്കാൻ കരാർ നൽകിയിട്ട് രണ്ടാഴ്ചയായെങ്കിലും പ്രവൃത്തി ആരംഭിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.