മുക്കം: കാരശ്ശേരി- കൊടിയത്തൂർ പഞ്ചായത്തുകളിലെ ക്വാറികൾ തമ്മിൽ ബന്ധിപ്പിച്ച് നിർമിക്കുന്ന റോഡിനായി ലോഡ് കണക്കിന് മണ്ണ് നിക്ഷേപിച്ചത് അപകട ഭീഷണിയാവുന്നു. കൊടിയത്തൂർ പഞ്ചായത്തിലെ നാലാം വാർഡിലാണ് നൂറുക്കണക്കിന് കുടുംബങ്ങൾക്കും കൃഷിഭൂമിക്കുമുൾപ്പെടെ ഭീഷണിയായി കുന്നോളം ഉയരത്തിൽ ലോഡ് കണക്കിന് മണ്ണ് കൂട്ടിയിട്ടത്. ഒരു ചെറിയ മഴ പെയ്താൽ പോലും മണ്ണ് താഴ്ഭാഗത്തേക്ക് ഒലിച്ചിറങ്ങി വലിയ അപകടങ്ങൾക്ക് കാരണമാവും. മാത്രമല്ല പ്രദേശത്തെ നിരവധി കുടിവെള്ള സ്രോതസ്സുകൾക്കും പ്രവൃത്തി ഭീഷണിയാണ്. നിലവിൽ നിരവധി ക്വാറികളിലേക്കും ക്രഷർ യൂനിറ്റുകളിലേക്കുമായി നൂറു കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പ്രദേശം കൂടിയാണിത്.
കൊടിയത്തൂർ പഞ്ചായത്തിലെ ഗോതമ്പ് റോഡ്, തോണിച്ചാൽ പ്രദേശത്തെ 50 ഓളം കുടുംബങ്ങൾക്ക് ഭീതിയിലാണിപ്പോൾ. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു, വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ, വാർഡ് മെംബർ കോമളം തോണിച്ചാൽ, വില്ലേജ് ഓഫിസർ സിജു തുടങ്ങിയവർ സ്ഥലം സന്ദർശിച്ച് ക്വാറികളുടെ പ്രവർത്തനം നിർത്തിവെപ്പിച്ചു. തുടർ നടപടികൾ സ്വീകരിക്കുമെന്ന് വില്ലേജ് ഓഫിസർ പറഞ്ഞു. ക്വാറികളുടെ പ്രവർത്തനം മൂലം നിരവധി കുടുംബങ്ങളുടെ കുടിവെള്ള സ്രോതസ്സുകളെ ബാധിച്ചതായും കുടിവെള്ളം മുട്ടിയെന്നും നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.