മുക്കം: റോഡ് വികസനം വ്യാപാരികൾക്കും കെട്ടിട ഉടമകൾക്കും തിരിച്ചടിയാവുന്നു. മണാശ്ശേരി- ചേന്ദമംഗലൂർ റോഡിന്റെ നവീകരണ പ്രവൃത്തിയാണ് പുൽപറമ്പ് പ്രദേശത്തെ കച്ചവടക്കാരുടേയും കെട്ടിട ഉടമകളുടേയും വയറ്റത്തടിച്ചിരിക്കുന്നത്. നവീകരണപ്രവൃത്തി വലിയ നഷ്ടമാണ് ഇവർക്ക് വരുത്തിയിരിക്കുന്നത്. നിലവിലുള്ളതിൽനിന്ന് രണ്ടു മീറ്ററോളം റോഡ് ഉയർന്നതിനാൽ പല കച്ചവട സ്ഥാപനങ്ങളും റോഡിൽനിന്ന് വളരെ താഴ്ന്ന അവസ്ഥയിലാണ്.
ഇതുകാരണം എല്ലാ വ്യാപാരികളും പ്രയാസത്തിലാണ്. ചിലർക്ക് കച്ചവടം നിർത്തേണ്ടിയും വന്നു. മുഹമ്മദ് കുട്ടി മേൽവീട്ടിൽ, ടി.വി. അബ്ദുല്ല, സി.കെ. മൻസൂർ, ഉസ്സൻ പറമ്പാട്ടുമ്മൽ, ഗഫൂർ നാഗേരി, അബ്ദുല്ല ചോലക്കൽ, ദ അവ മദ്റസയുടെ പീടികമുറികൾ, ഹമ്മാദി മസ്ജിദ് എന്നിവയെല്ലാം ഇങ്ങനെ താഴ്ന്ന വിതാനത്തിലാണുള്ളത്.
നിലവിൽ തറനിരപ്പിലെ മുറികൾ ഉപയോഗിക്കണമെങ്കിൽ മണ്ണിട്ട് ഉയർത്തേണ്ട അവസ്ഥയിലാണ്. ജാക്കി വെച്ച് ഉയർത്തുന്ന നവീന രീതിയുണ്ടെങ്കിലും താങ്ങാൻപറ്റാത്ത ചെലവായതിനാൽ ഉടമകൾ അത് ഒഴിവാക്കുകയാണ് ചെയ്തത്. ഇപ്പോൾ പലരും താഴെനില മണ്ണിട്ട് ഉയർത്തു കയാണ്. മേൽവീട്ടിൽ മുഹമ്മദ്കുട്ടിയുടെ ആറ് പീടിക മുറികളാണ് ഇങ്ങനെ ഉയർത്തുന്നത്. വലിയ മുതൽമുടക്കിൽ നിർമിച്ച കടകളിൽ വ്യാപാരം ചെയ്യാൻ പറ്റാത്ത അവസ്ഥ വന്നത് വ്യാപാരികളേയും കെട്ടിട ഉടമകളേയും പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.