മുക്കം: ടൗൺ നവീകരണത്തിന്റെ ഭാഗമായി ദുരിതമൊഴിയാതെ നട്ടം തിരിയുകയാണ് മുക്കത്തെ വ്യാപാരികളും നാട്ടുകാരും. കോവിഡ് തീർത്ത പ്രതിസന്ധിയിൽനിന്ന് കരകയറി ഉത്സവ സീസൺ പടിവാതിൽക്കൽ എത്തിനിൽക്കെ, അനന്തമായി നീളുന്ന ടൗൺ നവീകരണ പ്രവൃത്തിയാണ് വ്യാപാര മേഖലക്ക് വെല്ലുവിളിയാകുന്നത്.
വിഷു, ഈസ്റ്റർ, റമദാൻ ആഘോഷങ്ങൾ മുന്നിൽക്കണ്ട് വൻതുക മുടക്കി ചരക്കിറക്കിയ വ്യാപാരികൾ കുത്തുപാളയെടുക്കുന്ന സ്ഥിതിയാണ്. 2019 -20 സാമ്പത്തിക വർഷമാണ് സർക്കാർ മുക്കം ടൗൺ നവീകരണത്തിന് 7.5 കോടി വകയിരുത്തിയത്.
അഭിലാഷ് ജങ്ഷൻ മുതൽ അരീക്കോട് ഭാഗത്തേക്കുള്ള പാലംവരെയും ആലിൻ ചുവട് മുതൽ അഭിലാഷ്, പി.സി ജങ്ഷനുകൾ വരെയും നവീകരിക്കുന്നതാണ് പദ്ധതി. 14 മീറ്റർ വീതിയിൽ ടാറിങ്, നടപ്പാത നിർമാണം, തെരുവു വിളക്ക് സ്ഥാപിക്കൽ, മീഡിയൻ, ഇൻറർലോക്കും ടൈലും വിരിക്കൽ എന്നീ പ്രവൃത്തികളാണ് നടത്തേണ്ടത്. 2020 സെപ്റ്റംബറിൽ പ്രവൃത്തി ആരംഭിച്ചെങ്കിലും ഒന്നര വർഷമായിട്ടും പണി പാതിവഴിയിലാണ്. പരിമിതമായ തൊഴിലാളികളെ വെച്ച് നടത്തിയ മെല്ലെപ്പോക്കാണ് പ്രവൃത്തിയെ ബാധിച്ചത്.
റോഡിൽ നിർമാണ സാമഗ്രികൾ ഇറക്കിയതും ഭാഗികമായി പണി നടത്തിയതും മൂലം ഗതാഗതക്കുരുക്ക് രൂക്ഷമാണ്. പല കടകളിലേക്കുമുള്ള വഴികൾ അടഞ്ഞ നിലയിലാണ്. പൊടിശല്യവും മഴ ചാറിയാൽ വെള്ളക്കെട്ടും കടകളിൽ വെള്ളം കയറുന്നതും ദുരിതമാണ്. ആലിൻ ചുവട് -അഭിലാഷ് റോഡിലും സംസ്ഥാന പാതയിൽ ബൈപാസ് ജങ്ഷനിലുമാണ് ഏറെ ദുരിതം. പൊടി പാറി തിളക്കം നഷ്ടപ്പെട്ടതിനാൽ സാധനങ്ങൾ വില്ക്കാൻ സാധിക്കാതെ കെട്ടിക്കിടന്ന് നിസ്സാര വിലക്ക് വിറ്റഴിക്കേണ്ട സ്ഥിതിയാണ്.
പൊടിശല്യത്തിൽനിന്ന് രക്ഷനേടാൻ വൻതുക മുടക്കി കടകൾ പ്ലാസ്റ്റിക് പൊതിച്ചിൽ നടത്തിയും ശുചീകരണത്തിന് അധിക തൊഴിലാളികളെ വെച്ചും വൻ ബാധ്യതയാണ് വ്യാപാരികളുടെ ചുമലിൽ വന്നുചേരുന്നത്. പാർക്കിങ് സൗകര്യം കുറഞ്ഞതിനാൽ ആളുകൾ ടൗണിലിറങ്ങാൻ മടിക്കുകയാണ്. ഏപ്രിൽ അവസാനത്തോടെ പണി പൂർത്തിയാക്കുമെന്നാണ് അധികൃതർ പറയുന്നത്. ഇത്തവണയും വിഷു, ഈസ്റ്റർ, റമദാൻ, ഉത്സവകാല കച്ചവടം നഷ്ടപ്പെടുന്ന സ്ഥിതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.