മുക്കം: കുപ്പിയിൽ പെട്രോൾ നൽകിയില്ലെന്നാരോപിച്ച് പെട്രോൾ പമ്പ് ജീവനക്കാരനെ വിദ്യാർഥികൾ മർദിച്ചതായി പരാതി. മുക്കം നഗരസഭയിലെ മണാശ്ശേരി ഇന്ത്യൻ ഓയിൽ പമ്പിൽ ബുധനാഴ്ച വൈകീട്ട് അഞ്ചോടെയാണ് പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോൾ നൽകാത്തതിന് വിദ്യാർഥികൾ കൂട്ടമായെത്തി ജീവനക്കാരനെ ആക്രമിച്ചത്.
ആക്രമണത്തിൽ ജീവനക്കാരനായ ബിജുവിന് തലക്കും കാലിനും പരിക്കേറ്റു. അക്രമിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ അടക്കമുള്ളവ സഹിതം പെട്രോൾ പമ്പ് ഉടമ അശോകൻ മുക്കം പൊലീസിൽ പരാതി നൽകി. ജീവനക്കാരന്റെ കൈയിലുണ്ടായിരുന്ന ബാഗിലെ പണവും നഷ്ടപ്പെട്ടതായി പരാതിയിൽ പറയുന്നു.
പെട്രോൾ പമ്പുകളിൽ സംസ്ഥാന വ്യാപകമായി നിരന്തരം ഇത്തരത്തിൽ ആക്രമണം നടക്കുകയാണെന്നും കഴിഞ്ഞ ദിവസമുണ്ടായ സംഭവത്തിൽ വലിയ ദുരന്തമാണ് ഒഴിവായതെന്നും പെട്രോൾ പമ്പുകൾക്കെതിരെയുള്ള തുടർച്ചയായ ആക്രമണത്തിനെതിരെ അധികാരികൾ നടപടി സ്വീകരിക്കണമെന്നും പെട്രോൾ പമ്പ് ഉടമകൾ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്ത് അന്വേഷണമാരംഭിച്ചതായി മുക്കം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ. സുമിത്ത്കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.