മുക്കം: സ്വന്തമായി ഒരു തുണ്ടു ഭൂമിയും വീടും സ്വപ്നം കണ്ട് റുഖിയയുടെ സ്നേഹക്കുടിലിൽ കഴിയുന്ന വിജയൻ -ശ്യാമള ദമ്പതികൾക്ക് സ്വന്തമായി വീടുവെക്കാൻ സ്ഥലം ലഭ്യമായി. കാരശ്ശേരി പഞ്ചായത്തിലെ കാരമൂലയിൽ വർഷങ്ങളായി ടെയ്ലർ ജോലിചെയ്യുന്ന വിജയനും ഭാര്യ ശ്യാമളക്കും സ്വന്തമായി ഭൂമിയോ സ്ഥലമോ ഉണ്ടായിരുന്നില്ല. വാടക കെട്ടിടത്തിലായിരുന്നു താമസം. വാടക കൊടുക്കാൻ കഴിയാതായതോടെ ഇറങ്ങേണ്ടിവന്നു.
കുറച്ചുകാലം ബന്ധുവിന്റെ വീട്ടിൽ ആയിരുന്നു. അധികം വൈകാതെ അവിടെനിന്നും ഇറങ്ങേണ്ടിവന്നു. എങ്ങോട്ട് പോകണമെന്നറിയാതെ നിൽക്കുമ്പോഴാണ് കളരിക്കണ്ടിയിൽ റുഖിയ അവരുടെ പരിമിതമായ സ്ഥലത്ത് ഷെഡ് കെട്ടി താമസിക്കാൻ സൗകര്യം ചെയ്തത്. ഇത് സംബന്ധിച്ച് 'മാധ്യമം' നേരത്തേ വാർത്ത നൽകിയിരുന്നു. മക്കളില്ലാത്ത ഇവർക്ക് ശ്യാമള തൊഴിലുറപ്പ് പണിക്ക് പോയി കിട്ടുന്ന വരുമാനമായിരുന്നു ജീവിതമാർഗം. ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും സ്വന്തമായി സ്ഥലം ഇല്ലാത്തതായിരുന്നു വീട് വെക്കാൻ നേരിട്ട പ്രയാസം.
കളരിക്കണ്ടിയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് സ്ഥലത്തിന് തുക കണ്ടെത്താൻ മുന്നിട്ടിറങ്ങിയത്. വാർഡ് മെംബർ കുഞ്ഞാലി മമ്പാട്ടിന്റെ നേതൃത്വത്തിൽ സ്ഥലം കണ്ടെത്തി. പണം സുമനസ്സുകളുടെ സഹായത്തോടെയാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം നാലു സെന്റ് സ്ഥലത്തിന്റെ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ചു.
കളരിക്കണ്ടിയിൽ നടന്ന ലളിതമായ ചടങ്ങിൽ യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് ആർ.ഷഹിൻ ആധാരം വിജയൻ–ശ്യാമള ദമ്പതികൾക്ക് കൈമാറി. സഹായ കമ്മിറ്റി ചെയർമാൻ കെ. അഭിജിത്ത് അധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി.സ്മിത, സത്യൻ മുണ്ടയിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കുഞ്ഞാലി മമ്പാട്ട്, ജംഷീദ് ഒളകര, അഷ്റഫ് തച്ചാറമ്പത്ത്, എം.ടി. അഷ്റഫ്, വി.എൻ.ജംനാസ് , സഹീർ എരഞ്ഞോണ, ഷാനിബ് ചോണാട്, ദിഷാൽ, കെ. കൃഷ്ണദാസൻ, സാദിഖ് കുറ്റിപ്പറമ്പ്, പി.കെ. ഷംസുദ്ദീൻ, അർജുൻ., ഇ.പി. ഷിമിൽ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.