മുക്കം: കണ്ടെയ്നർ ലോറിയും-ടിപ്പറും കൂട്ടിയിടിച്ച് ഡ്രൈവർമാർക്ക് പരിക്കേറ്റു. കണ്ടെയ്നറിൽനിന്ന് ഇന്ധനമായ സി.എൻ.ജി ചോർന്നത് ഭീതിപരത്തി. സംസ്ഥാനപാതയിൽ പൂളപ്പൊയിലിൽ ബുധനാഴ്ച പുലർച്ച മൂന്നരയോടെയാണ് അപകടം. മുക്കം ഭാഗത്തുനിന്ന് ഓമശ്ശേരി ഭാഗത്തേക്ക് പോകുന്ന ടിപ്പറും ഓമശ്ശേരി ഭാഗത്തുനിന്ന് മുക്കം ഭാഗത്തേക്ക് വരുകയായിരുന്ന കണ്ടെയ്നർ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.
അപകടത്തിൽ കണ്ടെയ്നർ ലോറി ഡ്രൈവർ തമിഴ്നാട് തെങ്കാശി സ്വദേശി പളനി (45), ടിപ്പർ ഡ്രൈവർ മാങ്ങാപൊയിൽ സ്വദേശി അസൈനാർ എന്നിവർക്ക് പരിക്കേറ്റു. ഇവരെ മുക്കം, ഓമശ്ശേരി ഭാഗത്തെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ കണ്ടെയ്നർ ലോറിയും ടിപ്പറും പൂർണമായും തകർന്നു.
ഇടിയുടെ ആഘാതത്തിൽ ലോറിയിൽനിന്ന് കണ്ടെയ്നർ വേർപെട്ട് റോഡരികിൽ നിർത്തിയിട്ട ടിപ്പർ ലോറിക്ക് മുകളിലേക്ക് പതിച്ച് ടിപ്പറിന് കേടുപാട് സംഭവിച്ചിട്ടുണ്ട്. കാബിനകത്ത് കുടുങ്ങിയ ലോറി ഡ്രൈവറെ അഗ്നിരക്ഷാസേനയെത്തിയാണ് രക്ഷപ്പെടുത്തിയത്. അതേസമയം, ലോറിയിൽനിന്ന് ഇന്ധനമായ സി.എൻ.ജി ചോർന്നത് പരിഭ്രാന്തി പരത്തി. സി.എൻ.ജി പൂർണമായി ഒഴിവാക്കിയതിനു ശേഷം ക്രെയിൻ ഉപയോഗിച്ച് ലോറികൾ എടുത്തുമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
അപകടത്തെ തുടർന്ന് റോഡിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. മുക്കം അഗ്നിരക്ഷാനിലയം ഓഫിസർ എം. അബ്ദുൽ ഗഫൂർ, സീനിയർ ഓഫിസർ കെ. നാസർ, സേനാംഗങ്ങളായ എം. സുജിത്ത്, സനിഷ് ചെറിയാൻ, എ. നിപിൻ ദാസ, ഒ. അബ്ദുൽ ജലീൽ, ജി.ആർ. അജേഷ്, സി. രാധാകൃഷ്ണൻ, സി.എഫ്. ജോഷി, സിവിൽ ഡിഫൻസ് വളന്റിയർ ഷറഫു എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.