മുക്കം: ഇരുവഴിഞ്ഞിപ്പുഴയിലും ചെറുപുഴയിലും ശല്യം അതിരൂക്ഷമായിരിക്കെ തോടുകളിലേക്കും കടന്നുകയറി നീർനായകൾ. ശനിയാഴ്ച രാവിലെ മുക്കം നഗരസഭയിലെ പുൽപ്പറമ്പ് ചക്കാലകുന്നത്ത് പറമ്പാട്ടുമ്മൽ തോട്ടിൽ വസ്ത്രമലക്കുന്നതിനിടയിൽ വീട്ടമ്മക്ക് നീർനായയുടെ കടിയേറ്റു. നൗഷിബ(34)യെയാണ് നീർനായ കടിച്ച് പരിക്കേൽപിച്ചത്.
പതിവായി തോട്ടിൽ വസ്ത്രമലക്കാൻ എത്താറുള്ള നൗഷിബയെ നീർനായ ആക്രമിക്കുകയായിരുന്നു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നീർനായകളുടെ ശല്യം മൂലം പുഴകളിൽ ഇറങ്ങാൻ കഴിയാതെ ദുരിതമനുഭവിക്കുന്ന നാട്ടുകാരെ ആശങ്കപ്പെടുത്തിയാണ് ഇവയെ തോടുകളിലും കാണപ്പെട്ടത്. ഇരുവഴിഞ്ഞിപ്പുഴയിൽനിന്ന് 500 മീറ്റർ അകലെയുള്ള ചക്കാലക്കുന്നത് ഭാഗത്തെ തോട്ടിലേക്ക് നീർനായകളുടെ കടന്നു കയറ്റം ഉണ്ടായതോടെ സമീപവാസികൾ ഭീതിയിലാണ്.
ഇതുവരെ പുഴയിലിറങ്ങാനാവാത്ത സ്ഥിതിയിൽനിന്ന് തോടും ഉപയോഗപ്പെടുത്താനാവാതെ തീരദേശ നിവാസികൾ വലയുകയാണ്. നീർനായകളെ നിയന്ത്രിക്കാൻ ഒരു സംവിധാനവും ഇല്ലാത്തതിനാൽ ഇവയുടെ എണ്ണം അപകടകരമായ രീതിയിൽ പെരുകുകയാണെന്ന് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു. ഇതോടെ പുഴയോട് ചേർന്നുള്ള ജലാശയങ്ങളിലേക്കും നീർനായകൾ പടർന്നു കയറുകയാണ്. വെള്ളിയാഴ്ച ഇരുവഴിഞ്ഞിപ്പുഴയിലെ കോട്ടമുഴി കടവിൽ കുളിക്കാനിറങ്ങിയ രണ്ട് അന്തർ സംസ്ഥാന തൊഴിലാളികൾക്ക് നീർനായകളുടെ കടിയേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.