മുക്കം: മലവിട്ടിറങ്ങിയ ചെന്നായ തോട്ടക്കാട്ടെ അയൽവാസികളായ നാലുപേരെ കടിച്ച് പരിക്കേൽപ്പിച്ചു. തോട്ടക്കാട് മുണ്ടയിൽ മാണി (65), വടക്കേടത്ത് രാജു(18), കരിമ്പിൽ ബിനു (30), പാലക്കുളങ്ങര ശ്രീരാജ് (36) എന്നിവർക്കാണ് പരിക്ക്. ചൊവ്വാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. ഇരുട്ടിൽ വീട്ടിൽ കയറി രണ്ടു കാലിൽ എഴുന്നേറ്റുനിന്ന് ശ്രീരാജിെൻറ കഴുത്തിലും തോളിലും കടിക്കുകയായിരുന്നു. നിലവിളി കേട്ട് സമീപത്തെ വീട്ടുകാർ ഓടിെയത്തിയപ്പോൾ അവരെയും കടിച്ചു. മാണിയുടെ കണ്ണിെൻറ പുറംഭാഗത്താണ് കടിയേറ്റത്. കാൽമുട്ടിലും കൈവിരലുകളിലും കടിച്ചു. വായിൽ ചോരയുമായി ചെന്നായ ഇരുട്ടിൽ ഓടിമറഞ്ഞു.
പരിക്കേറ്റവരെ നാട്ടുകാർ രാത്രി പത്തോടെ മണാശ്ശേരി സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. വിദഗ്ധ ചികിത്സക്കായി 10.30ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തോട്ടക്കാട് നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള പൈക്കാടൻ മലയുടെ താഴ്ഭാഗത്തെ വനമേഖലയിൽനിന്നാണ് ചെന്നായ വന്നത്. പുലിയുടെ രീതിയിലുള്ള ആക്രമണമാണ് ചെന്നായ നടത്തിത്.
രണ്ടുവർഷം മുമ്പ് തോട്ടക്കാട് ഭാഗത്തുനിന്ന് ചെന്നായ ആടിനെ പിടിച്ചതായി പറയുന്നു. പന്നി, മയിലുകൾ, കുറുക്കൻ, മുള്ളൻപന്നികൾ, വിവിധയിനം പാമ്പുകൾ എന്നിവയുടെ ശല്യത്തിനിടെയാണ് ചെന്നായയിറങ്ങിയത്. ഇവിടെനിന്ന് ഒരു കിലോമീറ്റർ അകലെ കാട്ടാനകൾ ഇറങ്ങി നാട്ടുകാരെ ഭയപ്പെടുത്തിയ സംഭവം നടന്നിട്ട് കുറച്ച് മാസങ്ങളായിട്ടേയുള്ളു.
മനുഷ്യർക്കുനേരെ ചെന്നായ ആക്രമണം ഈ പ്രദേശത്ത് ആദ്യമാണ്. താമരശ്ശേരി വനം വകുപ്പ് റേഞ്ച്് ഓഫിസർ സാജു, സെക്ഷൻ ഓഫിസർ ജലീൽ, ബീറ്റ് ഫോറസ്റ്റ് ഓഫിസർ മുഹമ്മദ് അസ്ലം, അഷ്റഫ് എന്നിവർ തോട്ടക്കാട് വീടുകളും പ്രദേശവും സന്ദർശിച്ചു. ചെന്നായുടെ കാലടികൾ കണ്ടെത്തി. വീണ്ടും വരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്താൻ നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.