മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്ത് 13ാം വാർഡിലെ ആദംപടി-തോണിച്ചാൽ-മോലിക്കാവ് റോഡരികിൽ താമസിക്കുന്ന നൂറോളം കുടുംബങ്ങളുടെ ദുരിതത്തിന് 20 വർഷത്തെ പഴക്കം. പ്രദേശത്തെ ക്വാറികളും ക്രഷറുമാണ് നൂറിലധികം കുടുംബങ്ങൾക്ക് ദുരിതം സമ്മാനിക്കുന്നത്. നാല് ക്വാറികളും ഒരു ക്രഷറും ഈ പ്രദേശത്ത് പ്രവർത്തിക്കുന്നുണ്ട്. ഇവിടേക്കുള്ള നൂറുകണക്കിന് ടിപ്പർ ലോറികളടക്കമുള്ള വാഹനങ്ങൾ നിരന്തരം കടന്നുപോവുന്നത് മൂന്നു മീറ്ററിൽ താഴെ മാത്രം വീതിയുള്ള റോഡിലൂടെയാണ്. പ്രദേശത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുമുള്ള വിദ്യാർഥികൾ പോകുന്ന ഈ റോഡിലൂടെയുള്ള വാഹനങ്ങളുടെ നിരന്തര സഞ്ചാരം ഏറെ അപകട ഭീഷണിയാണുണ്ടാക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.
വാഹനങ്ങൾ കടന്നുപോകുമ്പോഴുള്ള പൊടിശല്യം കാരണമുള്ള ദുരിതവും ഏറെയാണ്. പ്രദേശവാസികൾക്ക് ആസ്ത്മ, അലർജി തുടങ്ങിയ അസുഖങ്ങളും പതിവാണ്. കഴിഞ്ഞ 20 വർഷമായി തങ്ങൾ ഈ ദുരിതം അനുഭവിച്ചു വരുകയാണെന്നും, ഗ്രാമപഞ്ചായത്ത്, ജിയോളജി വകുപ്പ്, ജില്ല കലക്ടർ തുടങ്ങിയവർക്കെല്ലാം പരാതി നൽകിയിരുന്നെങ്കിലും ഇതുവരെ തങ്ങൾക്ക് എവിടെ നിന്നും നീതി ലഭിച്ചിട്ടില്ലെന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
ഇതിനു പുറമെ ക്വാറികളിൽ നിരന്തരം സ്ഫോടനങ്ങൾ നടക്കുന്നതിനാൽ പ്രദേശത്തെ വീടുകൾക്കു വിള്ളലുകൾ സംഭവിക്കുന്നത് പതിവാണെന്നും ഇവർ പറയുന്നു. 2021ൽ ക്വാറി ഉടമകൾ ഒരു വർഷത്തിനകം ക്വാറിയിലേക്ക് സമാന്തര റോഡ് നിർമിക്കുമെന്ന് ഉറപ്പുനൽകിയിരുന്നെങ്കിലും ഇതുവരെ പാലിച്ചില്ലെന്നും ഇവർ ആരോപിച്ചു. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ക്വാറികൾക്ക് സമീപം കുടിൽ കെട്ടി അനിശ്ചിതകാല സത്യഗ്രഹം നടത്തുമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ ഇർഷാദ്, ഗഫൂർ, മുഹമ്മദലി എടക്കണ്ടി, സഫ്വാൻ കളത്തിൽ, ജെനീഷ്, നൗഷാദ് കൊളക്കാട്ടിൽ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.